യുപിയില്‍ പൊലീസുകാരിയെ ട്രെയിനില്‍ ആക്രമിച്ച പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ്
Mail This Article
ലക്‌നൗ∙ ഉത്തര്‍പ്രദേശില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ട്രെയിനില്‍ വച്ച് ആക്രമിച്ച സംഭവത്തിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാന്‍ ആണ് വെടിയേറ്റു മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ആസാദ്, വിശംബര്‍ ദയാല്‍ ദുബെ എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 30-ന് സരയൂ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന വനിതാ പൊലീസുകാരി അയോധ്യ സ്‌റ്റേഷനു സമീപത്തു വച്ചാണ് ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കാണപ്പെട്ട ഇവര്‍ ഇപ്പോള്‍ ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതി അനീസ് ഖാന്‍ ആണെന്നു തിരിച്ചറിഞ്ഞ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അയോധ്യ എസ്പി രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു. തുടര്‍ന്നു രക്ഷപ്പെടാന്‍ ശ്രമിച്ച അനീസിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നീടു പൊലീസ് നടത്തിയ വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ അനീസ് ചികിത്സയില്‍ കഴിയുമ്പോഴാണ് മരിച്ചത്.
English Summary: UP Man Accused Of Attacking Woman Cop On Train Killed In Encounter