പുതിയ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്: ആദ്യ യാത്ര 26ന്; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

Mail This Article
തിരൂർ (മലപ്പുറം)∙ കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനിനു തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാരുമായുള്ള ആദ്യയാത്ര ഈ മാസം 26ന് നടക്കും. തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്കാണ് ആദ്യയാത്ര. വൈകിട്ട് 4.05ന് ആദ്യത്തെ യാത്ര പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും.
കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ട്രെയിനിന്റെ ട്രയൽ റൺ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷ്യമിട്ടതിലും 19 മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിൽ കാസർകോട്ടു നിന്നാണ് പുറപ്പെട്ടത്. ഒാറഞ്ചും കറുപ്പും ഇടകലർന്നതാണ് പുതിയ വന്ദേഭാരത്. എട്ടുമണിക്കൂർ അഞ്ചു മിനിറ്റെടുത്ത് 3.05 ഓടെ തിരുവനന്തപുരത്തെത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഏഴു മണിക്കൂർ 16 മിനിറ്റെടുത്ത് 2.46നു തന്നെ ട്രെയിൻ എത്തി. 15 കിലോമീറ്റർ ദൈർഘ്യം കൂടുതലുള്ള കോട്ടയം വഴിയുള്ള ആദ്യ വന്ദേഭാരതിനെക്കാൾ വേഗത്തിൽ യാത്ര സാധ്യമാകും.
English Summary: New Vandebharat Train Introduces Convenient Stopover in Tirur