വനിതാ സംവരണ ബിൽ ജാതി സെൻസസിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള തന്ത്രം: രാഹുൽ ഗാന്ധി

Mail This Article
ന്യൂഡൽഹി∙ വനിതാ സംവരണ ബിൽ ജാതി സെൻസസ് എന്ന ആവശ്യത്തിൽനിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ സെൻസസ് ജാതി അടിസ്ഥാനമാക്കി വേണമെന്നും വനിതാ സംവരണം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘വനിതാ സംവരണം മികച്ച കാര്യമാണ്. എന്നാൽ നടപ്പാക്കുന്നതിനു മുൻപ് സെൻസസും മണ്ഡല പുനർനിർണയവും നടത്തണം. ഇതു ശരിക്കും നടപ്പിലാക്കുമോയെന്ന് ആർക്കും അറിയില്ല. ഒബിസി സെൻസസിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണിത്. സത്യമെന്താണെന്നു വച്ചാൽ ഈ സംവരണം ഇന്നുവേണമെങ്കിലും പ്രാവർത്തികമാക്കാം. ഇതൊരു സങ്കീർണവിഷയമല്ല. എന്നാൽ സർക്കാരിന് അതിനു താല്‍പര്യമില്ല. രാജ്യത്തിനുമുന്നിൽ ഇത് അവതരിപ്പിച്ചിട്ട് 10 വർഷമെടുത്തേ നടപ്പാക്കൂ എന്നാണ് പറയുന്നത്’’ – അദ്ദേഹം വ്യക്തമാക്കി.
2010ൽ യുപിഎ കൊണ്ടുവന്ന ബില്ലിൽ ഒബിസി ക്വാട്ട ഉൾപ്പെടുത്താതിരുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ‘‘അക്കാര്യത്തിൽ 100% ഖേദം പ്രകടിപ്പിക്കുന്നു. അന്നത് നടപ്പാക്കേണ്ടതായിരുന്നു. അതു നടപ്പാക്കിയിരിക്കും’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Women's reservation bill be implemented immediately: Rahul