സിനിമാ നടിമാരെ ക്ഷണിച്ചു, പക്ഷേ രാഷ്ട്രപതിയെ ക്ഷണിച്ചില്ല: ബിജെപിയെ വിമർശിച്ച് ഖർഗെ

Mail This Article
ജയ്പുർ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഉദ്ഘാടന ചടങ്ങിലേക്ക് സിനിമാ താരങ്ങളെ ബിജെപി ക്ഷണിച്ചുവെന്നും എന്നാൽ, രാഷ്ട്രപതിയെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും ഖർഗെ കുറ്റപ്പെടുത്തി. ഇത് രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ജയ്പുരിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖർഗെ.
രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയാണ് ദ്രൗപദി മുർമു വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ ബിജെപി ക്ഷണിക്കാതിരുന്നതിനെയും ഖർഗെ ചോദ്യം ചെയ്തു. റാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്നത്, അദ്ദേഹം ‘തൊട്ടുകൂടായ്മയുള്ള’ ആളായതുകൊണ്ടാണെന്ന് ഖർഗെ ആരോപിച്ചു. ‘‘തൊട്ടുകൂടായ്മയുള്ള ഒരാളാണ് തറക്കല്ലിടുന്നതെങ്കിൽ, സ്വാഭാവികമായും അത് ഗംഗാജലം കൊണ്ട് കഴുകേണ്ടിവരും’’ – ഖർഗെ പറഞ്ഞു.
പഴയ പാർലമെന്റ് മന്ദിരത്തിൽനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിലേക്ക് രാഷ്ട്രപതി ദൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും ചോദ്യം ചെയ്തിരുന്നു. വിധവയും ഗോത്രവർഗത്തിൽ നിന്നുള്ളയാളായതും കൊണ്ടാണ് രാഷ്ട്രപതിയെ പ്രവേശന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഉദയനിധി ആരോപിച്ചു. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നതെന്നും ഉദയനിധി പറഞ്ഞു.
English Summary: Actors invited, but President wasn't: Congress President Mallikarjun Kharge slams BJP