അദാനിയുമായി ശരദ് പവാറിന്റെ കൂടിക്കാഴ്ച; രാഹുൽ ഗാന്ധിയെ ആരും ഗൗരവത്തിലെടുക്കുന്നില്ലെന്ന് ബിജെപി
Mail This Article
ന്യൂഡൽഹി∙ വ്യവസായി ഗൗതം അദാനിയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരണവുമായി ബിജെപി. ‘ഇന്ത്യ’ സഖ്യത്തിലുള്ളവർ പോലും രാഹുൽ ഗാന്ധിയെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ബിജെപി പരിഹസിച്ചു. ശനിയാഴ്ച അഹമ്മദാബാദിൽ ഇന്ത്യയിലെ ആദ്യത്തെ ലാക്‌ടോഫെറിൻ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ശരദ് പവാർ, ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം എക്സ് (ട്വിറ്റർ) ഫ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ അദാനിയുടെ വസതിയും ഓഫിസും ശരദ് പവാർ സന്ദർശിച്ചു.
ഇതിനു പിന്നാലെ ശരദ് പവാറും ഗൗതം അദാനിയുമൊത്തുള്ള ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല, രാഹുൽ ഗാന്ധി കേൾക്കാൻ തയാറാണെങ്കിൽ ഈ ചിത്രം ആയിരം വാക്കുകൾ സംസാരിക്കുമെന്ന് കുറിച്ചു. ഇന്ത്യ സഖ്യത്തിലെ ആരും രാഹുൽ ഗാന്ധിയെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരുമിച്ച് പോരാടാനുള്ള പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ പ്രധാന നേതാവാണ് ശരദ് പവാർ. മുംബൈയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ അദ്ദേഹമാണ് അധ്യക്ഷത വഹിച്ചത്. മാത്രമല്ല, അദാനി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന സമയത്താണ് പവാറിന്റെ അദാനിയുമായുള്ള കൂടിക്കാഴ്ച.
അതേസമയം, ശരദ് പവാറും അദാനിയും തമ്മിലുള്ള അടുപ്പം പുറത്തുവരുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം ഒരു അഭിമുഖത്തിനിടെ, അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ ശരദ് പവാർ എതിർത്തിരുന്നു. പകരം സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയെ അനുകൂലിക്കുമെന്നായിരുന്നു പവാറിന്റെ നിലപാട്. തന്റെ ആത്മകഥയായ ‘ലോക് മേസ് സംഗതി’യിൽ ഗൗതം അദാനിയെ കഠിനാധ്വാനിയായ, എളിയ, വിനീതനായ വ്യക്തി എന്നാണ് ശരദ് പവാർ വിശേഷിപ്പിച്ചത്.
English Summary: As Sharad Pawar meets Adani, BJP leader says 'nobody listens to Rahul Gandhi'