നാടിന്റെ പിറവി ആഘോഷം ധൂർത്തോ?; പ്രതിപക്ഷം ഏതു കാര്യത്തെയും എതിർക്കുന്നു: വിമർശിച്ച് മുഖ്യമന്ത്രി

Mail This Article
കണ്ണൂർ∙ കേരളത്തിലെ പ്രതിപക്ഷം എല്ലാ കാര്യങ്ങളെയും എതിർക്കുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം 2023 പരിപാടി ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്. ഈ പരിപാടി ബഹിഷ്കരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പരസ്യമായി പറഞ്ഞു. ധൂർത്ത് ആരോപിച്ചാണ് പിന്മാറ്റം. നാടിന്റെ പിറവി ആഘോഷിക്കുന്നത് എങ്ങനെ ധൂർത്താകും? മണ്ഡലസദസ്സ് സംഘടിപ്പിക്കുന്നത് നാടിനെ പുരോഗതിയിലേക്ക് നയിക്കാനാണാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത ഒരു സർക്കാർ എന്ന പ്രതീതി സൃഷ്ടിക്കാൻ പറ്റുമോ എന്നു നോക്കുകയാണ്. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഈ സർക്കാർ ചെയ്ത കുറേ കാര്യങ്ങൾ ഉണ്ടല്ലോ. ഒന്നും രഹസ്യമല്ലായിരുന്നു. എല്ലാം പരസ്യമായിരുന്നു. ഞാൻ അതിന്റെ വിശദാംശത്തിലേക്കു പോകുന്നില്ല. എല്ലാം പരസ്യമാണ്. എല്ലാവരുടെയും കൺമുന്നിലുള്ള വസ്തുതകളാണ്. അവരവർക്ക് തൊട്ടറിയാന്‍ കഴിയുന്ന അനുഭവങ്ങളാണ്.’
‘ആ കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാമെന്ന് സർക്കാർ തീരുമാനിച്ചു. സർക്കാർ പരിപാടിയാണ്. അതിന്റെ ഭാഗമായി മന്ത്രിസഭയാകെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തുന്നു. പൊതുവായി നടന്ന കാര്യങ്ങള്‍, ജില്ലയിൽ നടന്ന കാര്യങ്ങൾ, ആ മണ്ഡലത്തിൽ നടന്ന കാര്യങ്ങൾ അവതരിപ്പിക്കാനാണ് വരുന്നത്. ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്താണ് എന്നതും അവതരിപ്പിക്കും. ഒട്ടേറെ നിർദേശങ്ങൾ, അഭിപ്രായങ്ങൾ ഉയർന്നുവരാം. ഇത് നാടിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ സഹായിക്കും.’
‘‘ഈ ഉദ്യമത്തോടു സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിക്കഴിഞ്ഞു. അതിനും വിളിക്കുന്നു ധൂർത്ത്. ഓരോ സ്ഥലത്തും പരിപാടികൾ നടത്താന്‍ അതത് പ്രദേശത്തെ എംഎൽഎ നേതൃത്വം കൊടുക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇവിടെ ഒരു വിവേചനവും ഇല്ല. എന്നിട്ടും സഹകരിക്കില്ലെന്നാണ് നിലപാട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സമീപനം വരുന്നത്? ഇവിടെ ഏതെങ്കിലും കാര്യത്തിൽ സഹകരിച്ചിട്ടുണ്ടോ?’– മുഖ്യമന്ത്രി ചോദിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെയും (ഇഡി) വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി കേന്ദ്രത്തിന് കഴുകൻകണ്ണാണ് എന്നും ആരോപിച്ചു. ‘കേരളത്തിന്റെ സഹകരണമേഖലയിലേക്ക് കേന്ദ്രം കണ്ണുവച്ചു. നോട്ട് നിരോധനകാലത്ത് അതിനെ തകർക്കാനുള്ള ശ്രമത്തെ കേരളം ചെറുത്തു. 10,000 കോടിയുടെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആർത്തിയായിരുന്നു’ – മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan on Keraleeyam 2023 and constituency tour