പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെയും നേതാക്കളെയും ഒറ്റരുത്: കരുവന്നൂർ വിഷയത്തിൽ ഗോവിന്ദന്റെ താക്കീത്
Mail This Article
തിരുവനന്തപുരം∙ കരുവന്നൂർ ബാങ്ക് ഇടപാടിൽ തൃശൂരിലെ സിപിഎം നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ താക്കീത്. പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റിക്കൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചു. മുതിർന്ന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
വേണ്ട രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്തില്ലെന്നു മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരവും ഉണ്ടായില്ലെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കരുവന്നൂരിനൊഴികെ മറ്റു ബാങ്കുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഗോവിന്ദൻ വിശദീകരണം തേടി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. എ.സി. മൊയ്തീനെതിരെ ഉണ്ടായ ഇ.ഡി അന്വേഷണം ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും. വിഭാഗീയത രൂക്ഷമാകുന്നതായും അച്ചടക്ക നടപടിക്കു പകരം ശാസനയിലേക്ക് ഒതുങ്ങിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തെ കറുത്ത പാടാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. അടിക്കാൻ നമ്മൾ തന്നെ വടി ചെത്തിയിട്ടു കൊടുക്കരുത്. സഹകരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
English Summary: CPM State Secretary M.V. Govindan Warns CPM Leaders in Thrissur Over Karuvannur Bank Transaction