സർക്കാർ ചെലവിൽ ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുത്: കെ.സുരേന്ദ്രൻ
Mail This Article
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ചിലവിൽ ഇടതുപക്ഷം രാഷ്ട്രീയ പ്രചരണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘സംസ്ഥാന സർക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി തയാറായത്. എന്നാൽ അഴിമതി ആരോപണങ്ങൾക്ക് മറപടി പറയാതെ പൊതു ഖജനാവിലെ കോടികൾ പൊടിച്ച് ഷോ നടത്തിയത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും പിണറായിക്കും സംഘത്തിനും ലഭിക്കില്ല. പൊതുതിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയും മന്ത്രിമാരും വൻകിട മുതലാളിമാരെ കണ്ട് ഫണ്ട് ശേഖരിക്കുകയാണ് യാത്രയിലൂടെ ഉന്നമിടുന്നത്’’.
‘‘ദേശീയ തലത്തിലെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കേരളത്തിൽ നിന്നും ലഭിക്കുന്ന ഫണ്ട് കൂടിയേ തീരൂ. സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാനാണ് മണ്ഡലം യാത്ര എന്ന് പറയുന്നത് വെറും തട്ടിപ്പാണ്. സംസ്ഥാനത്തെ ജനം നികുതി വർധനവും വിലക്കയറ്റവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ആദ്യം സർക്കാർ വർധിപ്പിച്ച നികുതികൾ വെട്ടികുറയ്ക്കണം. അതിനുശേഷം വിലക്കയറ്റം നിയന്ത്രിക്കണം. അല്ലാതെ സമൂഹത്തിലെ വൻകിടക്കാരെ മാത്രം കാണാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഷോ വെറും പ്രഹസനമാവും’’ – സുരേന്ദ്രൻ പറഞ്ഞു.
‘‘സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ ഇത്തരമൊരു ധൂർത്ത് എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഇടതുമുന്നണിയുടെ പണം ഉപയോഗിച്ചാണ് സർക്കാർ പ്രചരണം നടത്തേണ്ടത്. ഏഴര വർഷമായി ജനങ്ങൾക്ക് ദ്രോഹം മാത്രം ചെയ്യുന്ന സർക്കാർ എന്ത് ജനക്ഷേമ നയങ്ങൾ പ്രചരിപ്പിക്കാനാണ് യാത്ര നടത്തേണ്ടത്?. സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാത്ത പിണറായി സർക്കാർ എന്ത് വികസന നേട്ടമാണ് പ്രചരിപ്പിക്കുക? കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസനങ്ങളല്ലാതെ കേരളത്തിൽ ഒന്നുമില്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: K Surendran against CM, Ministers Constituency Tour