ADVERTISEMENT

ബെംഗളൂരു∙ തമിഴ്നാടിനു 15 ദിവസത്തേക്കു 5000 ക്യുസെക്  വീതം അധിക ജലം വിട്ടു നൽകണമെന്ന  കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ  ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതോടെ അധിക ജലം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതിനു ശേഷമാണ് പ്രഖ്യാപനം. തുടർ നടപടികൾ 26നു ശേഷം തീരുമാനിക്കുമെന്നും പ്രശ്നപരിഹാര ചർച്ചകൾക്കു മധ്യസ്ഥത വഹിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

അതിനിടെ ജലം വിട്ടു നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ 26ന് ബന്ദിന് ആഹ്വാനം ചെയ്തു. പതിനഞ്ചോളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ച് വൻ പ്രതിഷേധ റാലിയും സംഘടിപ്പിക്കും. സ്കൂളുകളും കോളജും ഐടി കമ്പനികളും അവധി ദിവസമായി പ്രഖ്യാപിച്ച് ബന്ദിനോടു സഹകരിക്കണമെന്നു കർഷക സംഘടനാ നേതാവ് കുറുബുറു ശാന്തകുമാർ ആവശ്യപ്പെട്ടു.

ഇന്നലെ മണ്ഡ്യയിൽ ജില്ലാ ഫാർമേഴ്സ് വെൽഫെയർ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിലെ ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും ഗ്രാമീണ റോഡുകളിലും മറ്റും ഗതാഗതം തടസ്സപ്പെട്ടു. കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.

ശ്രീരംഗപട്ടണ, മണ്ഡ്യ, മദ്ദൂർ, മലവള്ളി എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സിദ്ധരാമയ്യ സർക്കാർ വീഴ്ച വരുത്തിയതായി ആരോപിച്ച് ബിജെപിയും രംഗത്തെത്തി. ബെംഗളൂരു– മൈസൂരു ബാങ്ക് സർക്കിളിൽ റോഡ് ഉപരോധിച്ച മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെഡിയൂരപ്പയെയും ബസവരാജ് ബൊമ്മെയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നു ജനതാദൾ എസ് നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. മൈസൂരു, ചാമരാജ്നഗര, രാമനഗര എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.

∙ തമിഴ് സിനിമ വിലക്കണമെന്ന് ആവശ്യം

തമിഴ് സിനിമകളുടെ പ്രദർശനത്തിനു കർണാടകയിൽ വിലക്കേർപ്പെടുത്തണമെന്നു കന്നഡ അനുകൂല സംഘടനയായ കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എംഎൽഎയുമായ വാട്ടാൽ നാഗരാജ് ആവശ്യപ്പെട്ടു. കർണാടകയിൽ നിന്നും ഉയർന്നുവന്ന തെന്നിന്ത്യൻ നടൻ രജനീകാന്ത് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടിയായി ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

English Summary: Bengaluru bandh on Sept 26 against Cauvery water release to Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT