അവസരം കിട്ടിയപ്പോഴെല്ലാം ഗുസ്തി താരങ്ങളെ ഉപദ്രവിച്ചു, തെളിവുണ്ട്: ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ്
Mail This Article
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് അവസരം കിട്ടിയപ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ഉപദ്രവിച്ചുവെന്ന് ഡൽഹി െപാലീസ് കോടതിയിൽ. ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി റോസ് അവന്യൂ കോടതി വാദം കേൾക്കുമ്പോഴാണ് ഡല്‍ഹി പൊലീസ് ഇക്കാര്യം അറിയിച്ചത്. കേസിൽ ബ്രിജ് ഭൂഷനെതിരെ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്താണ് ചെയ്യുന്നതെന്ന് ബ്രിജ് ഭൂഷന് അറിയാമായിരുന്നുവെന്നും വനിതാ ഗുസ്തി താരങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും ഡൽഹി പൊലീസിനെ പ്രതിനിധീകരിച്ച് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. കുറ്റം ചുമത്താൻ പര്യാപ്തമായ മൂന്നു തരത്തിലുള്ള തെളിവുകളാണ് ബ്രിജ് ഭൂഷനെതിരെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രേഖാമൂലമുള്ള പരാതിയും സാക്ഷിമൊഴികളും ഉൾപ്പെടെയാണിത്.
ബ്രിജ് ഭൂഷനെതിരായ കേസുകൾക്ക് ആസ്പദമായ സംഭവം നടന്നത് ഇന്ത്യയ്ക്ക് പുറത്തായതിനാൽ സിആർപിസിയുടെ 188-ാം വകുപ്പ് പ്രകാരമുള്ള അനുമതി ആവശ്യമാണെന്നുള്ള ബ്രിജ് ഭൂഷന്റെ അഭിഭാഷകന്റെ വാദം അദ്ദേഹം എതിർത്തു. എല്ലാ കേസുകളും ഇന്ത്യയ്ക്കു പുറത്തല്ല നടന്നതെന്നും പ്രത്യേക അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും മറ്റു സ്ഥലങ്ങളിലും വച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതിനാൽ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിനു പുറത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ തീരുമാനമെടുക്കാൻ ഡൽഹി കോടതിക്ക് അധികാരമില്ലെന്ന് ബ്രിജ് ഭൂഷന്റെ അഭിഭാഷകൻ രാജീവ് മോഹൻ നേരത്തേ വാദിച്ചിരുന്നു. ബ്രിജ് ഭൂഷനെതിരെ ഐപിസി സെക്‌ഷന്‍ 354, 354 എ, 354 ഡി, 506 എന്നീ വകുപ്പുകൾ ചുമത്തി ജൂൺ 15നാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
English Summary: Brij Bhushan Singh harassed wrestlers at every opportunity: Delhi Police to court