അരുണാചൽ താരങ്ങൾക്ക് വീസ നിഷേധിച്ച് ചൈന: വിവേചനപരമെന്ന് വിമർശിച്ച് അനുരാഗ് ഠാക്കൂർ

Mail This Article
കോയമ്പത്തൂർ∙ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് വീസ നിഷേധിച്ച ചൈനീസ് നടപടിയെ അപലപിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ചൈനയുടെ നടപടി വിവേചനപരവും ഒളിംപിക് ചാർട്ടറിനു വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സൂചകമായി അനുരാഗ് ഠാക്കൂറിന്റെ ചൈന സന്ദർശനം റദ്ദാക്കി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങൾ കാണുന്നതു പോലെ ഞാൻ ചൈനയിലല്ല, കോയമ്പത്തൂരിലാണ്. എന്റെ കായികതാരങ്ങൾക്കൊപ്പം നിൽക്കുന്നു. ഒളിംപിക് ചാർട്ടറിനു വിരുദ്ധമായ, വിവേചനപരമായ സമീപനം അംഗീകരിക്കാനാവില്ല’ – അദ്ദേഹം പറഞ്ഞു. ചൈനയുടെ നീക്കം ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്നും അരുണാചൽ പ്രദേശിൽ നിന്നുള്ള താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിന്റെ ഭാഗമാകാനുള്ള അവസരം നിഷേധിച്ചതിനാൽ ചൈനയിലേക്കുള്ള തന്റെ യാത്ര റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വുഷു താരങ്ങളായ നെയ്മൻ വാങ്സു, ഒനിലു തേഗ, മെപുങ് ലാംഗു എന്നിവർക്കാണ് ചൈന വീസ നിഷേധിച്ചത്. ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്ക്, ഹാങ്‌സോ ഏഷ്യൻ ഗെയിംസ് സംഘാടക സമിതി അനുമതി നൽകിയിട്ടും, ചൈനയിലേക്കുള്ള എൻട്രി വീസയായ അക്രഡിറ്റേഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞില്ല. നെയ്മൻ വാങ്‌സുവിന് അക്രഡിറ്റേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞെങ്കിലും ചൈനയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു.
അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ഇവർക്കു വീസ വേണ്ടെന്നുമാണു ചൈനയുടെ നിലപാട്. അടുത്തിടെ, അരുണാചൽപ്രദേശും ലഡാക്കിനോടു ചേർന്നുള്ള അക്സായ് ചിൻ മേഖലയും ചൈനയുടെ അതിർത്തിക്കുള്ളിലാക്കി ഭൂപടം പുറത്തിറക്കിയിരുന്നു. 1962ലെ യുദ്ധത്തിൽ ചൈന ഇന്ത്യയിൽനിന്നു പിടിച്ചെടുത്ത പ്രദേശമാണ് അക്സായ് ചിൻ. 2012ലും അരുണാചലും അക്സായ് ചിന്നും ഇ–പാസ്പോർട്ടിലെ ചൈനയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയതു സമാനമായ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
English Summary: "Discriminatory": Anurag Thakur On No China Visa To Arunachal Athletes