വിവാഹമോചനവുമായി ബന്ധപ്പെട്ട് തർക്കം; ഭർത്താവിനു നേരെ വെടിയുതിർത്ത് ഭാര്യ, പൊലീസ് കേസെടുത്തു
Mail This Article
അരിസോണ (യുഎസ്)∙ വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിനു നേരെ വെടിയുതിർത്തു. യുഎസിലെ അരിസോണയിലാണ് സംഭവം. സംഭവത്തിൽ ക്രിസ്റ്റീന പസ്ക്വാലെറ്റോ എന്ന യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 20ന് രാത്രിയോടെ അറുപത്തിരണ്ടുകാരിയായ ക്രിസ്റ്റീന ഭർത്താവ് പസ്ക്വാലെറ്റോ താമസിക്കുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. മാസങ്ങൾക്കു മുൻപ് ഭാര്യയുമായി പിരിഞ്ഞ പസ്ക്വാലെറ്റോ പ്രസ്കോട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തുടർന്ന് വിവാഹമോചനത്തെ പറ്റി ക്രിസ്റ്റീനയും പസ്ക്വാലെറ്റോയും തമ്മിൽ വാക്തർക്കം ഉണ്ടായി. തനിക്ക് വിവാഹമോചനത്തിനു താൽപര്യമുണ്ടായിരുന്നില്ലെന്ന് ക്രിസ്റ്റീന പൊലീസിനോടു പറഞ്ഞു. തുടർന്ന് കിടക്കുകയായിരുന്ന ഭർത്താവിനു നേരെ വെടിയുതിർത്തതായും ക്രിസ്റ്റീന പൊലീസിനു മൊഴിനൽകി.
എണ്‍പതുകാരനായ പസ്ക്വാലെറ്റോയ്ക്ക് കൈത്തണ്ടയിലാണ് വെടിയേറ്റത്. വിവാഹമോചനം വേണമെന്ന് ഭർത്താവ് വീണ്ടും ആവശ്യപ്പെട്ടതാണ് ക്രിസ്റ്റീനയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഭർത്താവിനു നേരെ അവർ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വാക്തർക്കത്തിനിടെ പസ്ക്വാലെറ്റോ താഴെ വീണു. തുടർന്ന് സ്ത്രീ തോക്കു കയ്യിലെടുക്കുകയും ഇരുവരും തമ്മിലുണ്ടായ മൽപിടുത്തത്തിൽ പസ്ക്വാലെറ്റോയുടെ കൈത്തണ്ടയ്ക്ക് വെടിയേൽക്കുകയും ചെയ്തു. ഇയാൾ ഓടി അയൽവീട്ടിലെത്തുകയും എമർജൻസി നമ്പരിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. വീടിന്റെ താക്കോൽ സ്ത്രീയുടെ കയ്യിലുണ്ടെന്നും ഇവർ ചെക്കുകളും മറ്റു വസ്തുക്കളും വീട്ടിൽ നിന്ന് ഇവർ മോഷ്ടിച്ചതായും പസ്ക്വാലെറ്റോ പൊലീസിൽ മൊഴി നൽകി.
English Summary: Divorce Dispute Turns Violent: Wife Opens Fire on Husband in Arizona