ADVERTISEMENT

ടൊറന്റോ∙ കാനഡയില്‍ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്കു പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോച്ചൻ. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങൾ കൈമാറിയത്. ഇതിനു പിന്നാലെയായിരുന്നു കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലെന്നും യുഎസ് അംബാസഡർ കനേഡിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഫൈവ് ഐസ് സഖ്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് കാനഡ പ്രധാനമന്ത്രിക്കു പാർലമെന്റിൽ പ്രസ്താവന നടത്താൻ സഹായകമായത്.’– കനേഡിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ യുഎസ് അംബാസഡർ വ്യക്തമാക്കി. അതേസമയം, കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ യുഎസ് ഉൾപ്പെെടയുള്ള സഖ്യരാജ്യങ്ങളോട് കാനഡ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടതായി നേരത്തെ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ഡേവിഡ് കോച്ചൻ പറഞ്ഞതായി കനേഡിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് ഫൈവ് ഐസ് സഖ്യത്തിലുള്ളത്. സെപ്റ്റംബർ പതിനെട്ടിനാണ് കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞത്. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ഇന്ത്യ–കാനഡ ബന്ധം വഷളാക്കിയിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി. സംഭവത്തെ തുടർന്ന് കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചിരുന്നു.

അതിനിടെ, ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചു ‘വിശ്വസനീയമായ ആരോപണങ്ങളുടെ’ വിവരങ്ങൾ ഇന്ത്യൻ സർക്കാരിന് ആഴ്ചകൾക്കു മുൻപേ നൽകിയെന്നു കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഇന്ത്യയുടെ പങ്കിനെക്കുറിച്ചു നാലാം തവണയാണ് ട്രൂഡോ ആരോപണം ആവർത്തിക്കുന്നത്. കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് ട്രൂഡോ സൂചിപ്പിച്ചതെങ്കിലും ‘തെളിവുകൾ’ എന്നതിനു പകരം ‘വിശ്വസനീയമായ ആരോപണങ്ങൾ’ എന്നാണ് പ്രയോഗിച്ചത്.

അതേസമയം, വ്യക്തമായ തെളിവുകളോ വിവരങ്ങളോ കാനഡ ഇതുവരെ പങ്കുവച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എന്തെങ്കിലും വിവരങ്ങൾ ലഭ്യമാക്കിയാൽ പരിശോധിക്കാമെന്നാണ് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ ‘സിബിസി ന്യൂസ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ട്രൂഡോയുടെ ആരോപണം കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്നും അന്വേഷണത്തിന് കാനഡയുമായി സഹകരിക്കേണ്ടത് പ്രധാനമാണെന്നും സത്യം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: Indian Agents Implicated in Khalistani Terrorist's Killing, US Ambassador Confirms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT