ലഹരിവല പൊട്ടിച്ച് ഓപ്പറേഷൻ ഡി ഹണ്ട്; 244 അറസ്റ്റ്, കൂടുതൽ പേർ കൊച്ചിയിൽനിന്ന്

Mail This Article
തിരുവനന്തപുരം ∙ ലഹരിമരുന്ന് സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിക്കുന്നതിന് സംസ്ഥാനത്തുടനീളം കേരള പൊലീസ് നടത്തിയ ‘ഓപ്പറേഷൻ ഡി ഹണ്ടി’ന്റെ ഭാഗമായി 244 പേർ അറസ്റ്റിൽ. വിവിധതരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് റജിസ്റ്റർ ചെയ്ത 246 കേസുകളിലായിട്ടാണ് അറസ്റ്റ്. രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ കൂടാതെ കിലോക്കണക്കിന് കഞ്ചാവും ഹഷീഷ് ഓയിലും ബ്രൗൺ ഷുഗറും ഇവരിൽനിന്നു കണ്ടെടുത്തു.
കൊച്ചിയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്– 61. ആലപ്പുഴയിൽനിന്നു 45 പേരും ഇടുക്കിയിൽനിന്നു 32 പേരും പിടിയിലായി. ലഹരിമരുന്ന് വിൽപനയിൽ എർപ്പെടുന്നതായി സംശയിക്കുന്ന 1373 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ലഹരിമരുന്ന് വിപണനത്തിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുൻകൂട്ടി വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ തുടർച്ചയായി നിരീക്ഷണത്തിൽ വയ്ക്കുകയും, പിന്നീട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ റെയ്ഡുകൾ നടത്തുകയുമായിരുന്നു.
ക്രമസമാധാനപാലന വിഭാഗം പൊലീസ് അഡീഷനൽ ഡയറക്ടർ ജനറൽ എം.ആർ.അജിത്കുമാറിന്റെ പ്രത്യേക നിർദേശപ്രകാരം നടന്ന ഓപ്പറേഷനിൽ സംസ്ഥാനത്തെ എല്ലാ സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
English Summary: Operation D Hunt: 244 Persons Arrested