ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ ഉർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാമ്പിനോട് ഉപമിച്ചെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ‘വി ഓൾസോ മേക്ക് പോളിസി’ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ‘പണത്തിനു മുകളിൽ ഇരിക്കുന്ന പാമ്പ്’ എന്ന് ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി ഉപമിച്ചെന്നാണ് പുസ്തകത്തിൽ പറയുന്നത്.

2018 ഫെബ്രുവരിയോടെ ഉർജിത് പട്ടേലിന്റെ പ്രവർത്തനങ്ങളിൽ നരേന്ദ്ര മോദി സർക്കാരിനുള്ള എതിർപ്പ് ശക്തമായി. ഇതിനിടെ ഉർജിത് പട്ടേൽ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയതോടെ അകൽച്ച വർധിച്ചു. ദേശസാൽകൃത ബാങ്കുകൾക്ക് മേലുള്ള നിയന്ത്രണാധികാരം നീക്കാൻ സർക്കാരിനു കഴിയുന്നില്ലെന്ന് ആരോപിച്ചാണ് ഉർജിത് പട്ടേൽ വിമർശനം ഉന്നയിച്ചത്. ഇതുമൂലം സ്വകാര്യമേഖലാ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളിൽ ആർബിഐക്ക് അപര്യാപ്തമായ നിയന്ത്രണാധികാരമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള കടപ്പത്രവുമായി (ഇലക്ടറൽ ബോണ്ട്) ബന്ധപ്പെട്ടും ഉർജിത് പട്ടേലിന്റെ ബലംപിടുത്തം കേന്ദ്രസർക്കാരിനെ ബുദ്ധിമുട്ടിച്ചിരുന്നതായി ഗാർഗ് എഴുതി. കടപ്പത്രം ആർബിഐ മാത്രമേ നൽകാവൂ എന്നും അതും ഡിജിറ്റൽ മോഡിൽ നൽകണമെന്നും ഉർജിത് പട്ടേൽ നിലപാടെടുത്തു. 2018 ജൂണിൽ ഉർജിത് പട്ടേൽ റിപ്പോ നിരക്ക് 6.25 ശതമാനമായി ഉയർത്തി. മൂന്നു മാസത്തിനു ശേഷം റിപ്പോ നിരക്ക് വീണ്ടും 25 ശതമാനം വർധിപ്പിച്ചു. തൽഫലമായി, കോടിക്കണക്കിനു രൂപയുടെ അധിക മൂലധനം ബാങ്കുകളിൽ നിക്ഷേപിക്കാൻ സർക്കാരിനുമേൽ സമ്മർദമുണ്ടായി.

ഊർജിത് പട്ടേലിന്റെ പെരുമാറ്റത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കും വിഷമം തോന്നിയിരുന്നു. 2018 സെപ്റ്റംബർ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിൽ എൽ‌ടി‌സി‌ജി നികുതി പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ചില നിർദേശങ്ങൾ പട്ടേൽ അവതരിപ്പിച്ചു. ഉർജിത് പട്ടേലിന്റെ നിര്‍ദേശങ്ങൾ ‘തികച്ചും അപ്രായോഗികവും അനഭിലഷണീയവു’മെന്ന് ജെയ്റ്റ്‌ലി നിരാശയോടെ വിശേഷിപ്പിച്ചതായി ഗാർഗ് പുസ്തകത്തിൽ പറയുന്നു.

തുടര്‍ന്ന് ജെയ്റ്റ്‌ലിയുമായുള്ള പട്ടേലിന്റെ ആശയവിനിമയം ഇല്ലാതായി. പ്രധാനമന്ത്രിയുടെ ഓഫിസിൽ (പിഎംഒ) അന്നത്തെ അഡിഷനൽ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര വഴി മാത്രമാണ് ആശയവിനിമയം ഉണ്ടായിരുന്നത്. എൽ‌ടി‌സി‌ജി നികുതി പിൻവലിക്കാൻ നിർദേശിച്ചതിന് പ്രധാനമന്ത്രി ഉർജിത് പട്ടേലിനെ രൂക്ഷമായി വിമർശിച്ചു. പിന്നാലെ, ഉർജിത് പട്ടേലിനെ ‘പണത്തിന്റെ മുകളിൽ ഇരിക്കുന്ന പാമ്പിനോട്’ പ്രധാനമന്ത്രി ഉപമിച്ചുവെന്നാണ് ഗാർഗ് പുസ്തകത്തിൽ അവകാശപ്പെടുന്നത്.

കേന്ദ്രസർക്കാരുമായുള്ള ഭിന്നതകൾക്കിടെ 2018 ഡിസംബറിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ഉർജിത് പട്ടേൽ രാജിവച്ചത്. ബാങ്കിന്റെ സ്വയംഭരണാവകാശത്തെച്ചൊല്ലി കേന്ദ്രസർക്കാരുമായി ഭിന്നതയിലായിരുന്ന പട്ടേൽ രാജിക്ക് ഒരുങ്ങുന്നതായി നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി പിന്നീട് വിലയിരുത്തപ്പെട്ടിരുന്നു.

റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് കിട്ടണമെന്ന സർക്കാരിന്റെ ആവശ്യം ബാങ്ക് സ്വീകരിക്കാത്തതായിരുന്നുപ്രശ്നങ്ങൾക്കു തുടക്കം. നയരൂപീകരണം, ദുർബല ബാങ്കുകൾക്കു മൂലധനം അനുവദിക്കൽ, രാഷ്ട്രീയ താൽപര്യമുള്ളവരെ ഭരണസമിതിയിൽ നിയമിക്കൽ തുടങ്ങിയവ തർക്കം രൂക്ഷമാക്കി. ഇതോടെ റിസർവ് ബാങ്കിനു നിർദേശങ്ങൾ നൽകാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ആർബിഐ നിയമത്തിലെ 7(1) വകുപ്പ് ചരിത്രത്തിലാദ്യമായി പ്രയോഗിക്കുമെന്ന് സൂചനയുണ്ടായി. ഇതു സംഭവിച്ചാൽ ഉർജിത് രാജി വയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി ചർച്ചകൾ നടക്കവെയാണ് ഉർജിത് രാജിവച്ചത്.

English Summary: ‘PM Modi compared ex-RBI governor Urjit Patel to a snake’, claims ex-finance secretary in his book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT