ADVERTISEMENT

ന്യൂഡൽഹി∙ രമേഷ് ബിദൂഡി, നിഷികാന്ത് ദുബെ തുടങ്ങിയ എംപിമാരിലൂടെ വിവാദം സൃഷ്ടിച്ച് ജാതി സെൻസസ് എന്ന ആവശ്യത്തിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന ഒരു കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒരു പാഠം പഠിച്ചു. പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ബിജെപി ശ്രമിക്കുന്നു എന്നതാണ് ആ പാഠം. ഇന്ന് നമ്മൾ കാണുന്നത് ബിദൂഡി, പിന്നെ നിഷികാന്ത് ദുബെ. ഇതിലൂടെയൊക്കെയാണ് ജാതി സെൻസസ് എന്ന ആവശ്യത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി ശ്രമിക്കുന്നത്’– രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

നേരത്തെ, ലോക്സഭയിലെ ചർച്ചയ്ക്കിടെ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിദൂഡി മതവിദ്വേഷ പരാമർശങ്ങൾ നടത്തിയത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഡാനിഷ് അലിയെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ഡാനിഷ് അലിക്കൊപ്പമുള്ള ചിത്രങ്ങളും രാഹുൽ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിരുന്നു.

നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, തെലങ്കാനയിൽ കോൺഗ്രസ് ഒരുപക്ഷേ വിജയിക്കുമെന്നും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും തീർച്ചയായും വിജയിക്കുമെന്നും രാജസ്ഥാനിൽ വിജയിക്കുമെന്ന് കരുതുന്നു എന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ പല കോണുകളിൽ നിന്നും, പ്രത്യേകിച്ച് സാമ്പത്തികമായും മാധ്യമങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ‘ഇന്ത്യയിലെ ഏതെങ്കിലും വ്യവസായി പ്രതിപക്ഷ പാർട്ടിയെ പിന്തുണച്ചാൽ അവർക്ക് എന്ത് സംഭവിക്കുമെന്ന് ചോദിക്കൂ. ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് ചെക്ക് എഴുതുകയാണെങ്കിൽ, അവർക്ക് എന്ത് സംഭവിക്കുമെന്ന് അവരോടു ചോദിക്കൂ. ഞങ്ങൾ സാമ്പത്തിക, മാധ്യമ ആക്രമണം നേരിടുകയാണ്’ – രാഹുൽ പറഞ്ഞു. പ്രതിപക്ഷം ഇന്ത്യയിലെ ജനസംഖ്യയുടെ 60% ആണെന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഞെട്ടുമെന്നും രാഹുൽ പറഞ്ഞു.

English Summary: "Ramesh Bidhuri A Distraction From...": Rahul Gandhi On BJP MP's Communal Slurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT