‘ജോർജ് നല്ല പൊതുപ്രവർത്തകൻ’: സുധാകരന് ആളുമാറി, അനുശോചിച്ചത് മറ്റൊരാളെക്കുറിച്ച്

Mail This Article
തിരുവനന്തപുരം ∙ അന്തരിച്ച സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ‘ആളുമാറി’ പ്രതികരിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകനായ ജോർജ് എന്നയാൾ ഇന്നു മരിച്ചിരുന്നെന്നും കെ.സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്‍റെ മരണത്തെക്കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിക്കുന്നതെന്നു കരുതിയാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പ്രതികരിച്ചതെന്നുമാണു വിശദീകരണം.
‘‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’’ എന്നാണു കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു.
അതേസമയം, കെ.ജി.ജോർജിന്റെ വിയോഗത്തിൽ അനുശോചിച്ച് സുധാകരൻ പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി. മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ.ജി.ജോർജ് എന്നും പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചെന്നും കെപിസിസി പ്രസിഡന്റ് അനുശോചന കുറിപ്പിൽ പറഞ്ഞു.
‘‘വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ.ജി.ജോർജ്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളില്‍നിന്ന് അദ്ദേഹത്തിന്‍റെ സിനിമകൾ വേറിട്ടുനിന്നു. കെ.ജി.ജോർജിന്‍റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു’’– സുധാകരൻ പറഞ്ഞു.
English Summary: Slip of the the tongue for K Sudhakaran during expressing conolences to KG George