ബിജെപി നേതാവിന്റെ മസാജ് പാർലർ വിഡിയോ സംപ്രേഷണം ചെയ്തു; ചാനലിന് 72 മണിക്കൂർ വിലക്ക്

Mail This Article
മുംബൈ ∙ ബിജെപി നേതാവ് കിരിത് സോമയ്യ മസാജ് പാർലറിലിരിക്കുന്ന വിഡിയോ സംപ്രേഷണം ചെയ്ത മറാഠി വാർത്താ ചാനൽ 72 മണിക്കൂർ അടച്ചുപൂട്ടാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഉത്തരവിട്ടു. ‘ലോക് ഷാഹി’ എന്ന ചാനലിന്റെ അധികൃതർക്കാണ് ‘അശ്ലീല’ വിഡിയോ സംപ്രേഷണം ചെയ്തതിനാൽ 3 ദിവസത്തെ സംപ്രേഷണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് ലഭിച്ചത്.
പ്രതിപക്ഷ പാർട്ടികളും മാധ്യമപ്രവർത്തകരുടെ സംഘടനകളും ഈ നടപടിയെ വിമർശിച്ചു. ജനാധിപത്യം അപകടത്തിലാണെന്നാണ് ഈ ഉത്തരവ് കാണിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു. മസാജ് പാർലറിൽ സ്ത്രീകൾ ചൂഷണത്തിനിരയായെന്ന പ്രതിപക്ഷാരോപണത്തെ തുടർന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കേസിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17നാണ് ലോക് ഷാഹി ചാനൽ വിഡിയോ സംപ്രേഷണം ചെയ്തത്. താക്കറെ കുടുംബത്തിനും ശിവസേനയ്ക്കും മുൻ മഹാവികാസ് അഘാഡി (എംവിഎ) സർക്കാരിനുമെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിക്കുകയും മുൻമന്ത്രിമാർ ഉൾപ്പെടെ പല എംവിഎ നേതാക്കളെയും കേന്ദ്ര ഏജൻസികളുടെ വലയിൽപെടുത്തുന്നതിനു പിന്നിൽ പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് കിരിത് സോമയ്യ.
English Summary: TV channel that aired explicit video of BJP leader Kirit Somaiya goes off air for 72 hours