മധ്യപ്രദേശിൽ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; മത്സരിക്കാൻ 3 കേന്ദ്രമന്ത്രിമാരും

Mail This Article
ന്യൂഡൽഹി∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. മൂന്ന് കേന്ദ്രമന്ത്രിമാരടക്കം 39 പേരടങ്ങുന്നതാണ് പട്ടിക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രി പ്രഹ്ളാദ് പട്ടേൽ, പ്രാദേശിക വികസന സഹമന്ത്രി ഭഗൻ സിങ് കുലസ്തെ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രിമാർ. നരേന്ദ്ര സിങ് ധിമാനിയിൽനിന്നും പ്രഹ്‍ളാദ് നരസിംഗ്പുരിൽനിന്നും ഭഗൻ സിങ് നിവാസ് മണ്ഡലത്തിൽനിന്നും ജനവിധി തേടും.
ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണ് സ്ഥാനാർഥി പട്ടിക പുറത്തുവന്നത്. അതേസമയം, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഇതുവരെ സൂചനകളില്ല. കേന്ദ്രമന്ത്രിമാർക്കു പുറമെ ബിജെപിയിൽ നിന്നുള്ള മൂന്ന് എംപിമാരും പട്ടികയിൽ ഇടംനേടി. ഉദയ് പ്രദാപ് സിങ്, ഋതി പഥക്, ഗണേഷ് സിങ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട എംപിമാർ.
മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് ഈ വർഷം അവസാനത്തോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു 114 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 109 സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ കമൽനാഥിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചു.
എന്നാൽ പിന്നീട് പാർട്ടിക്കുള്ളിൽ വിള്ളലുണ്ടാകുകയും 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസിനു ഭരണം നഷ്ടമായി. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു.
English Summary: 3 Union Ministers In BJP's Second List Of 39 Candidates For Madhya Pradesh Polls