ADVERTISEMENT

ഭോപാൽ∙ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ‘ബിമരു രാജ്യ’മാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലിൽ ബിജെപിയുടെ ‘കാര്യകർത്താ മഹാകുംഭ’ത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിച്ച എല്ലാ സംസ്ഥാനങ്ങളെയും തകർത്തുവെന്നും മധ്യപ്രദേശിലും അങ്ങനെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘20 വർഷത്തിലേറെയായി മധ്യപ്രദേശിൽ ബിജെപി ഭരിക്കുന്നു. കോൺഗ്രസ് സർക്കാരിന്റെ മോശം ഭരണം കാണാത്ത മധ്യപ്രദേശിലെ ഇപ്പോഴത്തെ യുവാക്കൾ ഭാഗ്യവാന്മാരാണ്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ദീർഘകാലം മധ്യപ്രദേശ് ഭരിക്കുകയും അതിനെ ‘ബിമരു രാജ്യം’ ആക്കുകയും ചെയ്തു. മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന വർഷങ്ങൾ നിർണായകമാണ്. കുടുംബാധിപത്യ‌വും അഴിമതിയും നിറഞ്ഞ പാർട്ടിയായ കോൺഗ്രസിന് അധികാരത്തിൽ വരാൻ അവസരം ലഭിച്ചാൽ അത് സംസ്ഥാനത്തിന് വലിയ കോട്ടമായിരിക്കും’ – പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.

കോൺഗ്രസിനെ നിയന്ത്രിക്കുന്നത് അർബൻ നക്‌സലുകളാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ‘കോൺഗ്രസ് ആദ്യം നശിച്ചു. പിന്നീട് പാപ്പരായി. ഇപ്പോൾ അതിനെ മറ്റാരോ നിയന്ത്രിക്കുന്നു. ആരാണ് അവരെ നിയന്ത്രിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അത് അർബൻ നക്‌സലുകളാണ്’ – അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസ് പാർട്ടിയെ അർബൻ നക്‌സലുകൾ നിയന്ത്രിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പ്രസംഗത്തിന്റെ വിഡിയോയും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. കോൺഗ്രസിന് ഭാവിയെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, കോൺഗ്രസ് പാർട്ടി ‘തുരുമ്പിച്ച ഇരുമ്പ് പോലെ’ ആണെന്നും പറഞ്ഞു. രാജ്യത്തിനായി നല്ലതു ചിന്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും രാജ്യത്തിന് ഗുണകരമായ എല്ലാത്തിനെയും കോൺഗ്രസ് എതിർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. അത് മധ്യപ്രദേശിലെ ജനസംഖ്യയേക്കാൾ കൂടുതലാണ്. കാരണം മോദിയുടെ ഉറപ്പുകൾ ഒരിക്കലും വെറുതെയാകില്ല. സ്ത്രീകൾക്കായുള്ള വനിതാ സംവരണ ബില്‍ ഞങ്ങൾ ലോക്സഭയിൽ പാസാക്കി. അത് വാഗ്ദാനത്തിന്റെ ഭാഗമായിരുന്നു. ഈ ബില്ലിലൂടെ ഇന്ത്യ ചരിത്രം രചിച്ചു. വനിതാ സംവരണ ബില്ലിനെ കോൺഗ്രസും പ്രതിപക്ഷ ഇന്ത്യ സഖ്യവും പിന്തുണച്ചത് വേറെ വഴിയില്ലാത്തതു കൊണ്ടാണ്. ഇന്ത്യ സഖ്യത്തിലെ ആൾക്കാർ പതിറ്റാണ്ടുകളായി ഈ ബില്ലിനെ എതിർത്തിരുന്നു’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

English Summary: ‘Congress like rusted iron…’: PM Modi in poll-bound Madhya Pradesh 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT