1500 രൂപ പലിശ നൽകിയില്ല; ബിഹാറിൽ ദലിത് യുവതിയെ നഗ്നയാക്കി മൂത്രം കുടിപ്പിച്ചു
Mail This Article
പട്ന ∙ വായ്പാ പലിശ കുടിശിക നൽകിയില്ലെന്ന് ആരോപിച്ചു ബ്ലേഡ് പലിശക്കാരൻ ദലിത് യുവതിയെ നഗ്നയാക്കി മൂത്രം കുടിപ്പിച്ചു. പട്ന ജില്ലയിലെ മോസിംപുർ ഗ്രാമത്തിൽ മുപ്പതു വയസുകാരിയാണ് അതിക്രമത്തിനിരയായത്. രണ്ടു വർഷം മുൻപു കൊടുത്ത വായ്പയിൽ 1500 രൂപ പലിശ കുടിശികയുണ്ടെന്നു പറഞ്ഞു കഴിഞ്ഞയാഴ്ച ബ്ലേഡ് പലിശക്കാരൻ പ്രമോദ് സിങ്ങും മകൻ അൻഷു കുമാറും മറ്റു നാലു പേരും യുവതിയെ സമീപിച്ചിരുന്നു. വായ്പയും പലിശയും കൊടുത്തു തീർത്തെന്നായിരുന്നു യുവതിയുടെ മറുപടി.
ഇല്ലാത്ത കുടിശികയുടെ പേരിൽ ബ്ലേഡുകാർ ശല്യം ചെയ്യുന്നതായി യുവതി പൊലീസിൽ പരാതിയും നൽകി. ഇതിൽ രോഷാകുലരായാണ് പ്രമോദ് സിങ്ങും കൂട്ടരും യുവതിക്കു നേരെ അതിക്രമത്തിനു മുതിർന്നത്. നഗ്നയാക്കപ്പെട്ടു തലയ്ക്കും കാലുകളിലും പരുക്കേറ്റ നിലയിലാണ് യുവതി വീട്ടിലേക്ക് ഓടിപ്പോയത്. തന്റെ വസ്ത്രങ്ങൾ ബലമായി അഴിച്ചു മാറ്റിയ ശേഷം അൻഷു കുമാർ ബലമായി വായിലേക്കു മൂത്രമൊഴിച്ചു കുടിപ്പിച്ചതായി യുവതി ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
English Summary: Dalit woman stripped, forced to drink urine over ₹1,500 in Bihar: Cops