ആദ്യ അവലോകന യോഗം 26നു തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

Mail This Article
തിരുവനന്തപുരം∙ ഭരണനേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ ഈ മാസം 26ന് ആരംഭിക്കും.
തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോകന യോഗം. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് 26നു തിരുവനന്തപുരത്ത് നടക്കുന്നത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയമാണു വേദി.
29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും.
ഒക്ടോബർ അഞ്ചിന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കൺവൻഷൻ സെന്ററിൽ ചേരും. മേഖലാതല അവലോകന യോഗങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനു ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
English Summary: First Review Meeting at Thiruvananthapuram on September 26th