ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഹോരാത്രം പരിശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

‘കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പൊലീസുമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെയുള്ള (ഇ.ഡി) കള്ളത്തിരക്കഥയുണ്ടാക്കിയത് സിപിഎം സെക്രട്ടറിയാണ്. സഹകരണ ബാങ്കിൽ നിക്ഷേപിച്ച എല്ലാവർക്കും പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് അവരിൽ നിന്നും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുകയാണ് വേണ്ടത്’. 

‘സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാൻ സാധിക്കൂ. ഇ.ഡി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നത്. ഈ കേസിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടപ്പെട്ട സിപിഎമ്മുകാരായ നിക്ഷേപകർ തന്നെയായിരുന്നുവെന്ന് ഗോവിന്ദൻ മറക്കരുത്. കേസിലെ സാക്ഷികളും വാദികളും ഇ.ഡിയെ പിന്തുണയ്ക്കുമ്പോൾ വേട്ടക്കാരായ സിപിഎം നേതാക്കൾക്കു മാത്രമാണ് ഇ.ഡിയെ ഭയമുള്ളത്.’

‘തൃശൂരിലെ മറ്റു പല ബാങ്കുകളിലും കരുവന്നൂരിനു സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അതിലെല്ലാം കണ്ണൂർ ലോബിയുടെ സ്വാധീനവുമുണ്ട്. കള്ളപ്പണക്കാരും സിപിഎം നേതാക്കളുമായുള്ള ചങ്ങാത്തമാണ് ഇത്തരം തട്ടിപ്പുകൾക്ക് അടിസ്ഥാനം. ഇത് സിപിഎം അണികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ഗോവിന്ദന് പാർട്ടിയെ ഒറ്റരുതെന്ന സഹതാപത്തിന്റെ പതിനെട്ടാം അടവ് പ്രയോഗിക്കേണ്ടി വന്നത്. എന്നാൽ കള്ളപ്പണക്കാരും തട്ടിപ്പുകാരുമായ പാർട്ടി നേതാക്കൾക്കെതിരെ സിപിഎം അണികൾ തെരുവിൽ ഇറങ്ങുന്ന നാളുകൾ വിദൂരമല്ല. സിപിഎം ഇപ്പോൾ അനിവാര്യമായ തകർച്ചയെ നേരിടുകയാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Government-Sponsored Corruption in Cooperative Sector: K Surendran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com