ADVERTISEMENT

ഒട്ടാവ∙ കാനഡയിലെ 250 സിഖ് ഗുരുദ്വാരകളിൽ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്കാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്സൻ, അബോട്സ്ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ സജീവമാണെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാൻ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇതിൽ 5000 പേർ കടുത്ത ഖലിസ്ഥാൻ അനുകൂലികളാണെന്നും ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാനഡയിൽ പ്രൈവറ്റ്, നോൺപ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയാണ് പ്രൈവറ്റ് ഗുരുദ്വാരകൾ. തിരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ നിയന്ത്രണത്തിലാണ് നോൺപ്രോഫിറ്റ് ഗുരുദ്വാരകളുടെ പ്രവർത്തനം. ഗുരുദ്വാരയിൽ കസേരകളും പായകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 1980 മുതൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഗുരുദ്വാരയിലെ ഹാളില്‍ കസേരകൾ ഉപയോഗിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പായകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന വാദമാണ് മറ്റൊരു വിഭാഗം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പിൽ ആരാണോ ജയിക്കുന്നത് ആ വിഭാഗത്തിന്റെ തീരുമാനമാണ് നോൺപ്രോഫിറ്റ് ഗുരുദ്വാരകളിൽ നടപ്പാക്കുന്നത്.

ബ്രിട്ടിഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗൺസിലിന്റെ കീഴിൽ 8 ഗുരുദ്വാരകളുണ്ട്. ഖലിസ്ഥാൻ അനുകൂല കമ്മിറ്റികള്‍ക്കാണ് ഈ ഗുരുദ്വാരകളുടെ ചുമതല. കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയില്‍ രണ്ടു തവണ പ്രസിഡന്റായിരുന്നു. കാനഡയിലെ സിഖുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന വേൾഡ് സിഖ് ഓർഗനൈസേഷൻ എന്ന സംഘടനയിലും ഖലിസ്ഥാൻ അനുകൂലികൾക്കാണ് മുൻതൂക്കം. സിഖ് യൂത്ത് ഫെഡറേഷൻ, സിഖ് ഫോർ ജസ്റ്റിസ്, ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്സ്, ഖലിസ്ഥാനി ലിബറേഷൻ ഫോഴ്സ്, ഖലിസ്ഥാനി കമാൻഡോ ഫോഴ്സ്, ഖലിസ്ഥാനി ടൈഗർ ഫോഴ്സ്, ബാബർ ഖൽസ ഇന്റർനാഷനൽ എന്നിങ്ങനെ നിരവധി ഖലിസ്ഥാൻ അനുകൂല സംഘടനകൾ കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

കാനഡ കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതിലെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ജി20 ഉച്ചകോടിക്കിടെ അറിയിച്ചിരുന്നു. നേരത്തെ, ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താനവന ഇന്ത്യ–കാനഡ ബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം തള്ളിയ ഇന്ത്യ, കടുത്ത നിലപാടാണ് സ്വീകരിച്ചത്.

English Summary: Indian Intelligence Agency report That Khalistan Groups Control Eight out of 250 Sikh Gurdwaras in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT