തമിഴ്നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണു തീരുമാനം.
ദേശീയ തലത്തിലും എൻഡിഎയുമായി സഹകരണമില്ല. ഏകകണ്ഠമായാണു തീരുമാനമെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി അറിയിച്ചു.
മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനം. ഇൗറോഡ് ഇൗസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.
എന്നാൽ, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ വീണ്ടും വാക്പോരു തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികം സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി.
English Summary: NDA alliance split in Tamil Nadu; AIADMK says has no alliance with BJP