ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം, 32 ലോക്കറുകൾ തകർത്തു; സ്വർണാഭരണങ്ങൾ ഉൾപ്പെടെ കവർന്നു
Mail This Article
അംബാല∙ ഹരിയാനയിലെ അംബാലയിൽ മോഷ്ടാക്കൾ ബാങ്കിന്റെ ഭിത്തി തുരന്ന് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. ഗ്യാസ് കട്ടറും കോടാലിയും ഉപയോഗിച്ചായിരുന്നു മോഷണം. 32 ലോക്കറുകളാണ് മോഷ്ടാക്കൾ തകർത്തതെന്ന് പൊലീസ് സൂപ്രണ്ട് രമേഷ് കുമാർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥർ ജോലിക്കെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ബാങ്ക് അവധിയായിരുന്ന ശനി, ഞായർ ദിവസങ്ങളിലാകാം മോഷണം നടന്നതെന്നാണ് അനുമാനം.
‘ബാങ്കിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ ബാങ്കിലേക്കു പ്രവേശിച്ചത്. സ്ട്രോങ് റൂമിന്റെ ഭിത്തിയാണ് മോഷ്ടാക്കൾ തകർത്തത്. 32 ലോക്കറുകൾ തകർത്തു. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള രേഖകളുമാണ് മോഷണം പോയത്. 24 ബാങ്ക് ലോക്കറുകളിലാണ് വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടായിരുന്നത്. എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമല്ല.’’– ബാങ്ക് മാനേജർ ഭരത് ഭൂഷൺ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികള്‍ ഉടൻ പിടിയിലാകുമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. അതേസമയം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ബാങ്കിൽ പ്രതിഷേധവുമായി എത്തി.
English Summary: Thieves Broke Through The Wall Of A Corporate Bank And Stole Jewelery And Other Valuables.