ADVERTISEMENT

പാലക്കാട്∙ കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ടു യുവാക്കൾ മരിച്ചത് വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റെന്നു സൂചന. കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം. സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്. 

തിങ്കളാഴ്ച പുലർച്ചെയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്നു ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. 

മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് െപാലീസ് പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)
മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് െപാലീസ് പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)

അഭിന്റെയും അജിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിസരത്തു തിരിച്ചിൽ നടത്തി. തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തി. തുടർന്ന് സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ സ്ഥലം ഉടമയെ പൊലീസ് ചോദ്യം ചെയ്തു.

കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ മറവു ചെയ്തെന്നാണു പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. തുടർന്നു മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. പ്രദേശം പൊലീസ് കാവലിലാണ്.

English Summary: Bodies Of Two Youths Found Buried In Palakkad – Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT