‘കോടിക്കണക്കിന് രൂപ ചാക്കിൽക്കെട്ടി നേതാക്കന്മാർക്ക് കൊടുത്തെന്ന് പറയിപ്പിക്കാനാണ് ശ്രമം’

Mail This Article
കൊച്ചി∙ താൻ കള്ളനോ കൊലപാതകിയോ അല്ലെന്നും കള്ളക്കേസിലാണ് ഇഡി കുടുക്കിയതെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ. കോടിക്കണക്കിന് രൂപ ചാക്കിൽക്കെട്ടി നേതാക്കന്മാർക്ക് കൊടുത്തെന്ന് പറയിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നത്. നേരത്തെ നൽകിയ പരാതിയിൽ ഇഡിയുടെ പ്രതികാര നടപടിയാണ് അറസ്റ്റെന്നും കോടതിയിൽ ഹാജരാക്കവേ അരവിന്ദാക്ഷൻ പ്രതികരിച്ചു.
സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് പരാതി നൽകിയതിലെ പ്രതികാരമായാണ് അറസ്റ്റെന്നും അരവിന്ദാക്ഷൻ പറഞ്ഞു. എ.സി.മൊയ്തീന്റെ വിശ്വസ്തനും വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലറുമാണ് അരവിന്ദാക്ഷൻ. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണമിടപാടിലെ ഇടനിലക്കാരനുമാണ് ഇയാളെന്ന് ഇഡി കണ്ടെത്തിയിരുന്നു.
അതിനിടെ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസിനെയും ഇഡി അറസ്റ്റു െചയ്തു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും അറസ്റ്റിലായ ജിൽസ് പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. നേരത്തെ, സിപിഎം സംസ്ഥാന സമിതി അംഗം എ.സി. മൊയ്തീനെയും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
English Summary: ED framed fake case, They are trying to dismantle cooperative sector: PR Aravindakshan