‘നിജ്ജാറിനെ വധിച്ചത് ആറുപേർ; 50 തവണ വെടിവച്ചു, 34 വെടിയുണ്ടകൾ തുളച്ചുകയറി’
Mail This Article
ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് യുഎസ് മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ലഭ്യമായ വിഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജാറിന്റെ കൊലപാതകം. രണ്ടു വാഹനങ്ങളും ആറ് പുരുഷന്മാരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ലഭ്യമായ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും സാക്ഷിമൊഴികള്‍ അടിസ്ഥാനമാക്കിയും വാഷിങ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങള്‍ ഗുരുദ്വാരയുടെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. 90 സെക്കന്‍ഡുള്ള ഈ വിഡിയോ ദൃശ്യങ്ങളാണ് വാഷിങ്ടൺ പോസ്റ്റിന് ലഭിച്ചത്.
ദൃശ്യങ്ങൾ വിവരിച്ച് റിപ്പോർട്ട്
‘ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കിൽ നിജ്ജാര്‍ പുറത്തേക്കു പോകുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് ഒരു വെളുത്ത കാർ അവിടേയ്ക്ക് എത്തുന്നത്. നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായാണു കാർ മുന്നോട്ടു നീങ്ങിയത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാർ സഞ്ചരിച്ച അതേ പാതയിലേക്കു ട്രക്കിനു കയറേണ്ടി വന്ന നിമിഷം, കാർ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു പ്രതിബന്ധമായി നിർത്തി. കാറിൽനിന്ന് രണ്ടു പേര്‍ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവർ സീറ്റിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുതിർത്തശേഷം തോക്കുധാരികള്‍ പുറത്തേക്ക് ഓടി’- വിഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി വാഷിങ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിർത്തവർ മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു.
നിജ്ജാറിന്റെ ശരീരം തുളച്ചത് 34 വെടിയുണ്ടകൾ
കൂടാതെ ദൃക്സാക്ഷികളിലൊരാളായ ഭുപീന്ദര്‍ജിത്ത് സിങ്ങിന്റെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുദ്വാരയിലെ സന്നദ്ധ പ്രവര്‍ത്തകനായ ഭുപീന്ദര്‍ സിങ് ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് വെടിയൊച്ച കേള്‍ക്കുന്നത്. നൂറു മീറ്റർ അകലെയുള്ള കബ്ബാഡി പാര്‍ക്കിൽ ഭുപീന്ദർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിജ്ജാറിന്റെ ട്രക്കിനു സമീപത്തേക്ക് ഓടിയെത്തിയ ആദ്യത്തെയാളും ഭുപീന്ദറായിരുന്നു. ഭുപീന്ദര്‍ ഡ്രൈവറുടെ ഭാഗത്തെ ഡോര്‍ തുറന്ന് നിജ്ജാറിെന കുലുക്കി വിളിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു.
രക്തവും തകര്‍ന്ന ചില്ലുകളുമായിരുന്നു എങ്ങും. തറയില്‍ ബുള്ളറ്റുകള്‍ വാരി വിതറിയ നിലയിലായിരുന്നു. ഈ സമയം തന്നെ ഗുരുദ്വാരയിലെ മറ്റൊരു നേതാവായ ഗുര്‍മീത് സിങ് പിക്കപ്പ് വാനുമായി അവിടെയെത്തി. അതില്‍ ചാടിക്കയറി കൊലപാതകികള്‍ പോയ ദിക്കു നോക്കി അവരെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ വൻ പദ്ധതി ആസൂത്രണം നടന്നുവെന്ന്് ഭുപീന്ദര്‍ സിങ് പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലയാളികള്‍ 50 ബുള്ളറ്റുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചിരുന്നുവെന്നും അതില്‍ 34 എണ്ണം നിജ്ജാറിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നാണ് സിഖ് സമുദായംഗങ്ങള്‍ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞത്. ഗുരുദ്വാര പ്രസിഡന്റ് കൂടിയായിരുന്ന 46–കാരന്‍, നിജ്ജാറിനു നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നുവെന്നു കുടുംബം പറഞ്ഞതായി വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോര്‍ട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊമ്പുകോർത്ത് കാനഡയും ഇന്ത്യയും
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വിശ്വസീനയമായ തെളിവ് ഉണ്ടെന്നാണ് കനേഡിയന്‍ പാര്‍ലമെന്റിൽ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുറന്നടിച്ചത്.
ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിജ്ജാറിനെ ‘ഒളിച്ചോടിയ ഭീകരന്‍’ എന്നാണ് മുദ്ര കുത്തിയിരുന്നത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധമാണെന്നും തീവ്രവാദികള്‍ക്കു കാനഡ അഭയം കൊടുക്കുകയാണെന്നും യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്നും ഇന്ത്യ തിരിച്ചടിച്ചിരുന്നു.
English Summary: Hardeep Singh Nijjar killing; Latest reports