ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടിലായതോടെ, മറ്റു മന്ത്രിമാർ അതിനെ അഴിമതി നടത്താനുള്ള അവസരമായി കാണുന്നുവെന്ന വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. മന്ത്രിമാർ അഴിമതി നടത്തിയാൽ ചോദ്യം ചെയ്യേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ത്രാണിയോ ധാർമികതയോ ഇല്ല. ഇടയ്ക്ക് മുക്കുകയും മുരളുകയും ചെയ്യുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. ചില സിപിഐ നേതാക്കളും കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവച്ച് സിപിഎം അവരെ വരുതിക്കു നിർത്തിയിരിക്കുകയാണെന്ന് പിന്നാമ്പുറ കഥകളുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

‘‘മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയുടെ വലിയ ചെളിക്കുണ്ടിൽ വീഴുകയും ആ വിവരം പുറത്തുവരികയും ചെയ്തതോടെ, മന്ത്രിമാർ അതൊരു അവസരമായി കാണുകയാണ്. സാധാരണ ഗതിയിൽ മന്ത്രിമാർ അഴിമതി നടത്തിയാൽ ചോദിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് അഴിമതിയേക്കുറിച്ച് മിണ്ടാനുള്ള ധാർമികത നഷ്ടമായതോടെ സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും അഴിമതി അർബുദം പോലെ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള ത്രാണിയും ധാർമികതയും മുഖ്യമന്ത്രിക്കില്ലാതായി. സിപിഎം എന്ന പാർട്ടിയാകട്ടെ, അഴിമതിക്കു സംരക്ഷണം കൊടുക്കുന്ന നിലയിലേക്കും മാറി.’

‘ഇടക്കാലത്ത് ഇതിനെയെല്ലാം എതിർത്തിരുന്ന സിപിഐയും ഇപ്പോൾ മിണ്ടാത്ത അവസ്ഥയിലാണ്. എന്തുകൊണ്ടോ, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾക്കും അഴിമതി ചോദ്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് ഇടതുമുന്നണി പൂർണമായും അധഃപതിച്ചിരിക്കുന്നു. ഒരു തിരുത്തൽ ശക്തിയെന്നു പറയാനാകില്ലെങ്കിലും, ചില കാര്യങ്ങളിലെങ്കിലും ഇടയ്ക്ക് മുക്കുകയും മുരളുകയും ചെയ്തിരുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല.’

‘സിപിഐയുടെ നേതാക്കളും കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സിപിഎം കൈവശം വച്ച് അവരെ വരുതിയിൽ നിർത്തിയിരിക്കുന്നു എന്നാണ് കേൾക്കുന്ന ചില പിന്നാമ്പുറ കഥകൾ. അത് ശരിയാണോയെന്നു പറയേണ്ടത് സിപിഐ നേതാക്കളാണ്. അല്ലെങ്കിൽ എന്തുകൊണ്ട് സിപിഐ പോലും ഇപ്പോൾ മിണ്ടുന്നില്ലെന്ന് സാധാരണക്കാരായ കമ്യൂണിസ്റ്റുകാർ ചോദിക്കുന്നുണ്ട്.’ – കുഴൽനാടൻ ചൂണ്ടിക്കാട്ടി.

English Summary: Kerala Ministers Seize Opportunity Amidst Chief Minister's Corruption Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT