തലയ്ക്കടിയേറ്റെന്ന് സുഹൃത്തിനെ വിളിച്ചുപറഞ്ഞു; തൃക്കരിപ്പൂരിൽ ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

Mail This Article
കാസർകോട്∙ തൃക്കരിപ്പൂരിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ തലയ്‌ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെൽഡിങ് തൊഴിലാളിയായ വടക്കെക്കൊവ്വലിൽ എം.വി.ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നു രാവിലെ രക്തംവാർന്നു മരിച്ചനിലയിൽ ഉദിനൂർ പരത്തിച്ചാലിലെ വീട്ടിൽ ബാലകൃഷ്ണനെ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെ തലയ്‌ക്കടിയേറ്റ കാര്യം ബാലകൃഷ്ണൻ ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞതായി വിവരമുണ്ട്. ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ ചന്തേര പൊലീസ് ഇന്നു രാവിലെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്.
തലയിലെ മുറിവിൽനിന്നു മുറിയിലും പരിസരത്തും രക്തം പടർന്നിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ബന്ധുവാണെന്ന സൂചനയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ണുർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: വസന്ത. മക്കൾ: അശ്വതി, അമൃത
English Summary: Man Found Dead Inside House at Kasargod