ADVERTISEMENT

തിരുവനന്തപുരം∙ ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും, ആളുകൾ സർക്കാർ ഓഫിസിൽ വരുന്നത് അവകാശത്തിനായാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സർക്കാർ സർവീസിലാകുമ്പോൾ. ഈ രീതിക്കു മാറ്റം കൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സർക്കാർ ഓഫിസുകൾ. അവിടേക്കെത്തുന്നവർ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണു സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നത്. ഇതു മുന്നിൽക്കണ്ട്, സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരിൽ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം.

മേഖലാ യോഗങ്ങൾ പുതിയൊരു തുടക്കമാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദിസ്ഥമാക്കണം. വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഉദ്യോഗസ്ഥർ ഉയരണം. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയക്രമം പാലിച്ചു പോകുന്നുണ്ടെന്നുറപ്പാക്കണം. മേഖലാതല അവലോകന യോഗങ്ങൾക്കു തുടർച്ചയുണ്ടാകും. കുറച്ചു നാളുകൾകഴിഞ്ഞു വീണ്ടും യോഗം ചേരണം. വലിയ പ്രാധാന്യത്തോടെയാണ് നാട് ഈ യോഗങ്ങളെ കാണുന്നത്. ഇതു നല്ല മാതൃകയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനും വിവിധ വിഷയങ്ങൾക്കു പരിഹാരം കാണുന്നതിനുമായാണു തിരുവനന്തപുരം മേഖലാതല അവലോകന യോഗം ചേർന്നത്. 

പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകൾ ചേർന്നു നടപ്പാക്കേണ്ടവ ബന്ധപ്പെട്ട വകുപ്പുകളുടെ കൂടിയാലോചനകളിലൂടെ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. രണ്ടു സെഷനുകളിലായി നടന്ന അവലോകനത്തിൽ രാവിലെ സർക്കാർ പദ്ധതികളുടെ നടത്തിപ്പിന്റെ അവലോകനവും ഉച്ചകഴിഞ്ഞ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്രമസമാധാന അവലോകനവും നടന്നു.

English Summary: People come government offices for their rights, Officials should take care to speed up administration: CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com