‘സൈന്യത്തിലേക്കു മടങ്ങി ചെല്ലാനുള്ള മടിയും പിഎഫ്ഐയോടുള്ള വിരോധവും’: സൈനികനും സുഹൃത്തും അറസ്റ്റിൽ
Mail This Article
കടയ്ക്കൽ (കൊല്ലം) ∙ കൈകൾ കെട്ടിയിട്ടൂ വായ്മൂടി സൈനികനെ മർദിച്ച ശേഷം പോപ്പുലർ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ ‘പിഎഫ്ഐ’ എന്ന് മുതുകിൽ എഴുതിയ സംഭവം കെട്ടിചമച്ച കേസിൽ സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. രാജസ്ഥാനിൽ സൈനികനായി സേവനം ചെയ്യുന്ന കടയ്ക്കൽ ചാണപ്പാറ ബി.എസ്. നിവാസിൽ ഷൈൻ (35), സുഹൃത്ത് മുക്കട ജോഷി ഭവനിൽ ജോഷി (40) എന്നിവരെയാണ് കൊല്ലം റൂറൽ എസ്പി എം..എൽ.സുനിലും സംഘവും അറസ്റ്റ് ചെയ്തത്. സൈനിക സേവനത്തിനു മടങ്ങിചെല്ലാനുള്ള മടിയും പിഎഫ്ഐയോടുള്ള വിരോധവുമാണു സംഭവത്തിനു പിന്നിലെന്നാണ് മൊഴി.
Read more at: ലക്ഷ്യമിട്ടത് പ്രശസ്തി; പുറത്ത് ‘പിഎഫ്ഐ’ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം: സൈനികൻ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസമാണ് പരാതിയുമായി സൈനികൻ സ്റ്റേഷനിൽ എത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്കു പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. ചാണപ്പാറ മുക്കടയിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് ഇന്നലെ ജോലി സ്ഥലത്തേക്കു പോകാനിരിക്കെയായിരുന്നു സംഭവമെന്നും ഇയാൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
∙ സംഭവത്തെക്കുറിച്ച് ജോഷിയുടെ മൊഴി ഇങ്ങനെ:
പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്. അതുകൊണ്ട് ഞാൻ അങ്ങനെ എഴുതി. അതുകഴിഞ്ഞ് എന്താണ് എഴുതിയതെന്നു ചോദിച്ചു. ഡിഎഫ്ഐ എന്നു പറഞ്ഞപ്പോൾ, അങ്ങനെയല്ല, ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു. അങ്ങനെ ഞാൻ രണ്ടാമത് പി എന്ന് എഴുതി. പിന്നീട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചു.അതിനു മുൻപ് എന്റെ അടുത്തു വന്ന് ഒന്ന് ഇടിക്കാൻ പറഞ്ഞു. ആ അവസ്ഥയിൽ എനിക്ക് ഇടിക്കാനാകുമായിരുന്നില്ല. ഞാൻ നല്ലതുപോലെ കഴിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇടിച്ചില്ല. എന്നെക്കൊണ്ടു പറ്റില്ലെന്നു തന്നെ പറഞ്ഞു.
അങ്ങനെയെങ്കിൽ നിലത്തു കിടക്കാം, ഒന്നു വലിച്ചിഴയ്ക്കാൻ പറഞ്ഞു. അതും പറഞ്ഞ് ഷൈൻ നിലത്തു കിടന്നു. അയാൾക്ക് നല്ല ഭാരമുണ്ടായിരുന്നു. പിന്നെ എനിക്ക് അങ്ങനെ വലിച്ചിഴയ്ക്കാവുന്ന അവസ്ഥയുമല്ലായിരുന്നു. അതും നടന്നില്ല.അങ്ങനെ അവൻ സ്വയം വായിൽ ടേപ്പ് ഒട്ടിച്ചു. അതുകഴിഞ്ഞ് കയ്യിൽ ടേപ്പ് ഒട്ടിച്ചുകൊടുക്കാൻ പറഞ്ഞു. അതുകഴിഞ്ഞ് എന്നെ പറഞ്ഞുവിട്ടു. ഇനി കുഴപ്പമില്ല, ബാക്കി നോക്കിക്കോളാമെന്നും പറഞ്ഞു. ജോലിപരമായ എന്തെങ്കിലും കാര്യത്തിന് ഉപകരിക്കുമെന്ന് കരുതിയായിരിക്കാം അങ്ങനെ ചെയ്തത്.’ – ജോഷി പറഞ്ഞു.
∙ പരാതി ഇങ്ങനെ:
കഴിഞ്ഞ ദിവസമാണ് പരാതിയുമായി സൈനികൻ സ്റ്റേഷനിൽ എത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്കു പ്രഥമ ചികിത്സ നൽകി വിട്ടയച്ചിരുന്നു. ചാണപ്പാറ മുക്കടയിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് ഇന്നലെ ജോലി സ്ഥലത്തേക്കു പോകാനിരിക്കെയായിരുന്നു സംഭവമെന്നും ഇയാൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.കടം വാങ്ങിയ പണം സുഹൃത്തിനു നൽകാനായി രാത്രി ബൈക്കിൽ പോകുമ്പോൾ റോഡിൽ വിജനമായ സ്ഥലത്തു ചിലർ നിൽക്കുന്നത് കണ്ടു. എന്താണെന്നു ചോദിച്ചു. ആരോ വീണു കിടക്കുകയാണെന്നും ഇറങ്ങി പരിചയമുണ്ടോയെന്നു നോക്കാനും അവർ പറഞ്ഞു. സംഘത്തിൽ നാലു പേർ ഉണ്ടായിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങിയ ഷൈനിനെ ഒരാൾ ചവിട്ടി വീഴ്ത്തിയെന്നും തുടർന്ന് മറ്റുള്ളവർ ചേർന്ന് മർദിക്കുകയും ബ്ലേഡ് കൊണ്ടു ഷർട്ട് കീറി പുറത്ത് പിഎഫ്ഐ എന്ന് എഴുതിയെന്നുമായിരുന്നു പരാതി.
കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, കടയ്ക്കൽ ഇൻസ്പെക്ടർ പി.വി.രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കേസെടുത്തത്. ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനു ശേഷമേ വ്യക്തമായ വിവരം ലഭ്യമാകുവെന്നായിരുന്നു പൊലീസ് ഭാഷ്യം.അതേസമയം, ഷൈനിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഉൗർജിത അന്വേഷണം വേണമെന്നു സിപിഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിലും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്, സൈനികന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.
English Summary: Soldier and Friend Arrested in Fake Complaint Case