‘കാനഡ ഭീകരരുടെ താവളം, ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം’: ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

Mail This Article
ന്യൂഡൽഹി ∙ നയതന്ത്ര സംഘർഷത്തിൽ കാനഡയെ രൂക്ഷമായി വിമർശിച്ചും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തി.
‘‘ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. കാനഡ പ്രധാനമന്ത്രി അന്യായമായ ആരോപണങ്ങളുമായി രംഗത്തുവന്നതു തെളിവിന്റെ യാതൊരു പിന്തുണയുമില്ലാതെയാണ്. ഇതേകാര്യം അവർ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണു കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവർക്കും അറിയാം.’’– വാർത്താ ഏജൻസിയായ എഎൻഐയോട് അലി സാബ്രി പറഞ്ഞു.
‘‘ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിർദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യൻ മഹാസമുദ്രമെന്ന മേൽവിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നിൽക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുക.’’– അലി സാബ്രി കൂട്ടിച്ചേർത്തു.
ഖലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പ്രതിഷേധപ്രകടനം കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും കോൺസുലേറ്റുകൾക്കും സുരക്ഷ വർധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെയും ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുമെന്നു ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നു കഴിഞ്ഞയാഴ്ച വിഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കിയിരുന്നു. ഖലിസ്ഥാനി ഭീകരൻ ലഖ്ബീർ സിങ് സന്ധുവിനു (ലൻഡ) ബന്ധമുള്ള 48 ഇടങ്ങളിൽ പഞ്ചാബ് പൊലീസ് റെയ്ഡ് നടത്തി.
English Summary: "Terrorists Found Safe Haven In Canada": Lankan Minister Shreds Trudeau