‘ഒരാൾ കൊള്ളക്കാരൻ, മറ്റേയാൾ കള്ളൻ’: ബിജെപി ബന്ധം വിട്ട അണ്ണാ ഡിഎംകെയെ കളിയാക്കി ഉദയനിധി

Mail This Article
ചെന്നൈ ∙ എൻഡിഎ ബന്ധം അവസാനിപ്പിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരാൾ കൊള്ളക്കാരനും മറ്റേയാൾ കള്ളനുമായതിനാൽ രണ്ടു പാർട്ടികളും ഇനിയും ഒരുമിച്ചേക്കുമെന്നും ഉദയനിധി പറഞ്ഞു. കൃഷ്ണഗിരി ജില്ലയിൽ ഡിഎംകെ യുവജന വിഭാഗം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘എഐഎഡിഎംകെ–ബിജെപി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങൾ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ ഡിഎംകെ ജയിക്കും. നിങ്ങളുടെ പാർട്ടി അണികൾ പോലും ഈ തീരുമാനം വിശ്വസിക്കില്ല. കാരണം, നിങ്ങളുടെ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇഡി കേസുകൾ നിലവിലുണ്ട്. ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്.
എഐഎഡിഎംകെയും ബിജെപിയും വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. കാരണം ഒരാൾ കൊള്ളക്കാരനും മറ്റേയാൾ കള്ളനുമാണ്. നിങ്ങൾക്ക് ജനങ്ങളെ കബളിപ്പിക്കാനാവില്ല’’– ഉദയനിധി പറഞ്ഞു. എൻഡിഎ മുന്നണി വിടുന്നതായി തിങ്കളാഴ്ചയാണ് എഐഎഡിഎംകെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന നേതൃത്വവുമായി മാസങ്ങളായി തുടരുന്ന ശീതയുദ്ധത്തിനൊടുവിലാണു പൊട്ടിത്തെറി.
അണ്ണാ ഡിഎംകെ നേതാക്കളെ ആക്ഷേപിക്കുന്ന സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ നീക്കണമെന്ന ആവശ്യത്തോടു ബിജെപി മുഖംതിരിച്ചതോടെയാണു സഖ്യത്തിലെ മുഖ്യകക്ഷിയായ അണ്ണാ ഡിഎംകെ കടുത്ത നടപടി സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ സഖ്യം രൂപീകരിക്കുമെന്ന് അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി പ്രഖ്യാപിച്ചു.
English Summary: 'One is robber, another is thief...': Udhayanidhi Stalin after AIADMK-BJP split