ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനന്തമായി പിടിച്ചുവച്ചിരിക്കുന്നതു പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത കാര്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. ഗവർണറുടെ നടപടി കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനു മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തും.

ഗവർണർ 8 ബില്ലുകളിൽ ഒപ്പിടാനുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. 3 ബില്ലുകൾ പാസാക്കിയിട്ട് ഒരു വർഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലാണ്. ഗവർണർ സർവകലാശാല ബില്ലിൽ ഒപ്പുവയ്ക്കാത്തതിനാൽ വിവിധ സർവകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനാഭിലാഷം പ്രതിഫലിക്കുന്നതാണ് നിയമസഭ. അവ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം ഉണ്ടാകുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് യോജിച്ചതല്ല. ഗവർണർ ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയെങ്കിലും ഒപ്പിട്ടില്ല. ഗവർണറുടെ നടപടികൾ ഭരണഘടനാനുസൃതമല്ല. ഗവർണർക്ക് നിയമപരമായി വിയോജിക്കാൻ അവകാശമുണ്ട്. സാധാരണ ബില്ലുകൾപോലും തടഞ്ഞുവയ്ക്കുന്നത് ശരിയല്ല. സർക്കാരിന്റെ ഉപദേശം തേടിയാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇത്തരത്തിൽ ബിൽ പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിലവില്‍ തെലങ്കാന, തമിഴ്നാട് എന്നിവ ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തെലങ്കാന സര്‍ക്കാര്‍ ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ മറ്റൊന്നും സംസ്ഥാന സര്‍ക്കാരിനു ചെയ്യാന്‍ കഴിയില്ല. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുന്നതിന് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്‍റെ സേവനം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ഒരു വിധിയുടെ പേരിൽ നിലപാടെടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

English Summary: Chief Minister Slams Governor's Delay in Signing 8 Pending Bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT