ADVERTISEMENT

കോഴിക്കോട്∙ രണ്ടാം വന്ദേഭാരത് ട്രെയിനിനിന്റെ ഉദ്ഘാടനച്ചടങ്ങ് ബിജെപി പരിപാടിയാക്കി മാറ്റിയെന്ന വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് കെ.മുരളീധരനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തിൽ വന്നയാളല്ല വി.മുരളീധരനെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. കഷ്ടപ്പെട്ടുതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ വ്യക്തിയാണ് മുരളീധരൻ. കെ.മുരളീധരന്റെ അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ വി.മുരളീധരനെ അംഗീകരിക്കാമെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്ക്, നേമത്തും വയനാട്ടിലും മത്സരിച്ചിട്ട് മുരളീധരന് എത്ര വോട്ടു കിട്ടിയെന്നും സുരേന്ദ്രൻ ചോദിച്ചു. 

‘കെ.മുരളീധരനോട് എനിക്ക് ഒരു കാര്യം പറയാനുള്ളത്, വി.മുരളീധരൻ ബിജെപി സംസ്ഥാന പ്രസിഡന്റായതും കേന്ദ്രത്തിൽ മന്ത്രിയായതും അദ്ദേഹത്തിന്റെ പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതു കൊണ്ടല്ല. അദ്ദേഹം കഷ്ടപ്പെട്ടും അധ്വാനിച്ചും പൊതുപ്രവർത്തനം നടത്തി ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ ആളാണ്. അസൂയയ്ക്കും കുശുമ്പിനും ഒരു മരുന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ട് കെ.മുരളീധരന്റെ വിമർശനങ്ങൾക്ക് അതിനപ്പുറത്തുള്ള ഒരു വിലയും കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.’

‘വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിൽ വി.മുരളീധരൻ വേദിയിൽ കയറി ഇരിക്കുന്നതുകൊണ്ട് എനിക്ക് കയറേണ്ടെന്നു തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. കെ.മുരളീധരൻ വല്ലാതങ്ങ് ബുദ്ധിമുട്ടേണ്ട. പാർലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞാൽ നിങ്ങൾക്ക് ഇതുപോലെ പലയിടത്തും കയറാനാകില്ലെന്ന് ഉറപ്പാണ്. പാർലമെന്റിലും നിയമസഭയിലും കയറാനാകാത്ത സ്ഥിതിയിലേക്ക് ആ പാർട്ടി തന്നെ പോയിക്കൊണ്ടിരിക്കുയാണ്. അതുകൊണ്ട് വിമർശിക്കുമ്പോഴും നമ്മൾ ഒരു മയത്തിൽ സംസാരിക്കണം.’

‘വി.മുരളീധരൻ റെയിൽവേ മന്ത്രിയുടെ പ്രതിനിധിയായിട്ടാണ് അവിടെ വന്നത്. അല്ലാതെ ഒരിടത്തുനിന്നും ഇടിച്ചുകയറി വന്നതല്ല. വി.മുരളീധരനല്ലാതെ ഞങ്ങളാരും വേദിയിലേക്ക് ഇടിച്ചുകയറിയിട്ടില്ല. ഞങ്ങളെല്ലാം സാധാരണ പ്രവർത്തകർക്കൊപ്പം സദസ്സിലാണ് ഇരുന്നത്. ട്രെയിനിൽ യാത്ര ചെയ്യാൻ അന്ന് പാസ് കൊടുത്തിരുന്നു. ധാരാളം കോൺഗ്രസുകാരും ലീഗുകാരും ട്രെയിനിൽ യാത്ര ചെയ്തു. വി.മുരളീധരനും യാത്ര ചെയ്തു. തലശേരി മുതൽ തിരുവനന്തപുരം വരെ കെ.മുരളീധരനും യാത്ര ചെയ്തു. എംപിമാരെ മാത്രം കൊണ്ടുപോകാനാണെങ്കിൽ ഈ എട്ട് കോച്ചുകൾ എന്തു ചെയ്യും? ഈ എട്ടു കോച്ചുകളിലേക്കുള്ള ആളുകളെ റെയിൽവേ ക്ഷണിച്ചതാണ്. ഞങ്ങളൊക്കെ പോയതും ക്ഷണം കിട്ടിയിട്ടാണ്.’

വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലീഗിന്റെ കൊടി മുരളീധരൻ കണ്ടില്ലേ? അദ്ദേഹത്തിന് സ്വന്തം മുന്നണിയിലെ കക്ഷികളേപ്പോലും മനസ്സിലാകുന്നില്ലേ? അവിടെ ലീഗിന്റെ വലിയ കൊടിയുണ്ടായിരുന്നു. തിരൂരിൽ എന്തൊരു മത്സരമാണ് നടന്നത്. നിങ്ങൾത്തന്നെ ലൈവ് കൊടുത്തതല്ലേ? ഇതുമായി ബന്ധപ്പെട്ട് നമ്മൾത്തന്നെ കൊടുത്ത ലൈവിലും ചാനലുകളിലെ ദൃശ്യങ്ങളിലും എല്ലാം വ്യക്തമാണ്. മുരളീധരനെ പാർട്ടി പ്രവർത്തകർ ഒരു മാലയിട്ടിട്ടുണ്ട്. അദ്ദേഹത്തെ റെയിൽവേ അധികൃതർ എവിടെയെങ്കിലും മാലയിട്ടിട്ടുണ്ടോ? കേന്ദ്രമന്ത്രിയെന്ന നിലയിൽ വി.മുരളീധരനെ പാർട്ടി പ്രവർത്തകർ സ്വീകരിക്കും. കെ.മുരളീധരന് കോൺഗ്രസുകാർ മാലയിടാത്തതിന് എന്തിനാണ് വി.മുരളീധരനെ നിങ്ങൾ കുറ്റം പറയുന്നത്?’

‘കെ.മുരളീധരന് ആരു മാലയിടാനാണ്? നേമത്തു മത്സരിച്ചിട്ട് എത്ര വോട്ടു കിട്ടി? പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ആളാണെന്നൊക്കെ അദ്ദേഹം വീമ്പിളക്കിയല്ലോ. നേമത്തു വന്ന് മത്സരിച്ചിട്ട് എത്ര കിട്ടി? ദയനീയമായി മൂന്നാം സ്ഥാനത്തു പോയില്ലേ? ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ചത് നിങ്ങൾക്ക് ഓർമയുണ്ടോ? എത്ര കിട്ടി? ഞങ്ങൾക്കു കിട്ടുന്ന അത്ര കിട്ടിയോ? അദ്ദേഹം സ്വന്തം നിലയ്ക്കു മത്സരിച്ചിട്ട് വയനാട് ലോക്സഭാ സീറ്റിൽ എത്ര വോട്ടു കിട്ടി എന്നു നിങ്ങൾക്ക് ഓർമയില്ലേ? നേമത്തു മത്സരിച്ചിട്ട് എത്ര കിട്ടി എന്നും അറിയാം. അതുകൊണ്ട് ജനാധിപത്യത്തിൽ ആരെയും അധിക്ഷേപിക്കാൻ നിൽക്കരുത്. അതുകൊണ്ടാണ് ഞാൻ പറ‍ഞ്ഞത്, വി.മുരളീധരൻ പിതാവ് മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തിൽ വന്നയാളല്ല.’

‘ഇവിടെ ആർക്കും മത്സരിക്കാം. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. നിങ്ങൾ ഓരോരുത്തർക്കും രണ്ടും മൂന്നും സീറ്റൊക്കെയല്ലേ കൊടുക്കുന്നത്. ഉദ്ദേശ്യം എനിക്കു മനസ്സിലായി. എല്ലാം ഇവിടെ പറയാൻ പറ്റില്ല. എല്ലാം പത്രക്കാരോടു പറഞ്ഞിട്ടാണോ നിങ്ങൾ ഇവിടെ വന്നു ചോദിക്കുന്നതെന്ന് അവിടെനനിന്ന് ചോദിക്കില്ലേ? ഇവിടെ ഒരു സാധ്യതയും തള്ളിക്കയാൻ പറ്റില്ല. കേരളത്തിനു വെളിയിൽ നിന്നുള്ളവർക്കും മത്സരിക്കാം. രാഹുൽ ഗാന്ധി ഇവിടെ വന്ന് മത്സരിച്ചില്ലേ? രാഹുൽ ഗാന്ധിക്ക് അങ്ങനെ മത്സരിക്കാമെങ്കിൽ ബിജെപിക്കും മത്സരിക്കാം.’ – സുരേന്ദ്രൻ പറഞ്ഞു.

സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സിപിഎമ്മും പിണറായി വിജയനും ഉണ്ടാക്കിയ സ്വയംകൃത അനർഥമാണ്. ഇതിന് വേറെ ആരെയും നിങ്ങൾ കുറ്റം പറയേണ്ടതില്ല. സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. സിപിഎം പോകമ്പോൾ ഇതുകൂടി പോകട്ടെ എന്ന് വയ്ക്കാൻ പറ്റില്ല. കാരണം, അവർ തീർന്നാലും സഹകരണ മേഖല ഇവിടെ നിലനിൽക്കണം. പിണറായി വിജയന്റെ കാലത്തോടെ ഇവിടെ സിപിഎം തീരും. അതുകഴിഞ്ഞാലും ഇവിടെ സഹകരണ മേഖല നിലനിൽക്കണം. –സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran Takes A Dig At K Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com