ബാങ്കിനു മുന്നിൽ എകെ 47നുമായി നിൽക്കേണ്ട കാര്യമെന്താ? വിളിച്ചാൽ ഞങ്ങൾ പോകുന്നില്ലേ?: എം.കെ.കണ്ണൻ

Mail This Article
തൃശൂർ∙ കരുവന്നൂര്‍ കേസില്‍ ഇ.ഡി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാലും കള്ളംപറയില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന്‍. നാളെ ഇ.ഡിക്കു മുന്നില്‍ ഹാജരാകും. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും കണ്ണൻ പ്രതികരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളിയല്ല. അതുകൊണ്ട് പേടിക്കാനുമില്ല. ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാലും കള്ളമൊഴി നല്‍കില്ലെന്ന് കണ്ണന്‍ വ്യക്തമാക്കി. തനിക്ക് ബെനാമി അക്കൗണ്ടില്ലെന്നും കണ്ണൻ കൂട്ടിച്ചേർത്തു. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണ്. അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എം.കെ.കണ്ണന്‍പറഞ്ഞു.
‘നിരപരാധികളായ പാർട്ടി പ്രവർത്തകരെ വേട്ടയാടുകയാണ്. എകെ 47മായി ഈ ബാങ്കിനു മുൻപിൽ നിൽക്കുന്നതിന്റെ ലക്ഷ്യം എന്താണ്? ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അവകാശം ഉണ്ട്. അരവിന്ദാക്ഷൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഇ.ഡി നടപടിയെടുക്കണം. നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കുക എന്നത് പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ചുമതലയല്ല. ഞാൻ ആരെയും കൊണ്ട് ഒരു രൂപ പോലും ഇവിടെ നിക്ഷേപിപ്പിച്ചിട്ടില്ല. ചില മാധ്യമങ്ങൾ കള്ളപ്രചരണം നടത്തുകയാണ്. ബാങ്കിന്റെ ചെയർമാനായി കുറച്ചു കാലം നിന്നിട്ടുണ്ട്. ചെയർമാന് ചെക്ക് ഒപ്പിടാൻ അധികാരമുണ്ടോ?’ – കണ്ണൻ ചോദിച്ചു.
അതേസമയം കേസിൽ സിപിഎം അരവിന്ദാക്ഷനൊപ്പമാണെന്ന് ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പ്രതികരിച്ചു. പി.ആര്‍.അരവിന്ദാക്ഷന്റെ വ്യക്തിപരമായ നിക്ഷേപങ്ങളെക്കുറിച്ച് പാര്‍ട്ടിക്കറിയില്ലെന്നും വർഗീസ് വ്യക്തമാക്കി.
‘ഇ.ഡി നടത്തുന്നത് സിപിഎം വേട്ടയാണ്. പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കുന്നത് ഇ.ഡിയോ മാധ്യമങ്ങളോ അല്ല. എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കളിലേക്ക് കേസ് എത്തിക്കാനാണ് ഇ.ഡിയുടെ നീക്കം. ഇതിനെതിരെ അണികളെയിറക്കി പ്രചാരണം നടത്തും.’ – വർഗീസ് പ്രതികരിച്ചു.
English Summary: M.K. Kannan Reaction On Karuvannur Bank Case