‘സിപിഎം വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങി; നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യം’
Mail This Article
തിരുവനന്തപുരം∙ കരുവന്നൂർ ബാങ്ക് നിക്ഷേപതട്ടിപ്പിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഎം നേതൃത്വം ഒന്നാകെയെന്ന് സതീശൻ കുറ്റപ്പെടുത്തി.
കൊള്ളക്കാരെ സംരക്ഷിക്കാനും ന്യായീകരിക്കാനും സിപിഎം ഇപ്പോഴും ശ്രമിക്കുന്നത് അപഹാസ്യമാണ്. ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സിപിഎമ്മും സര്‍ക്കാരും. നിക്ഷേപകരെ കവര്‍ച്ച ചെയ്ത കൊള്ളക്കാര്‍ക്കൊപ്പമാണവര്‍. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സി.പി.എമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്.
ഭരണത്തുടര്‍ച്ചയുടെ ഹുങ്കില്‍ നിയമവിരുദ്ധമായതൊക്കെയും ചെയ്തു കൂട്ടിയതിന്റെ പരിണിത ഫലമാണ് സിപിഎം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നേതാക്കള്‍ ബാങ്ക് കൊള്ളയടിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിക്ഷേപകരെയാണ് നിങ്ങള്‍ ദുരിതത്തിലാക്കിയതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കരുവന്നൂരിലും കണ്ടലയിലും ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാർ തയാറാകണമെന്നും സതീശൻ പറഞ്ഞു.
English Summary: VD Satheesan against CPM and LDF government in Karuvannur bank scam