‘സത്യവാങ്മൂലത്തിൽ പറഞ്ഞതിൽ ചേരായ്ക ഉണ്ട്, കുഴൽനാടന് എതിരായ ആരോപണങ്ങളിൽ നിന്നു പിന്നോട്ടില്ല’

Mail This Article
കൊച്ചി∙ മാത്യു കുഴൽനാടന് എതിരായ ആരോപണങ്ങളിൽ നിന്നു പിന്നോട്ടുപോയിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചതു തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകളെന്നും എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. മാത്യു കുഴൽനാടനെതിരെ പുതിയതായി ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. 2021 മാർച്ചിൽ തിരഞ്ഞെടുപ്പു കമ്മിഷനു മാത്യു കുഴൽനാടൻ കൊടുത്ത സത്യവാങ്മൂലത്തിൽ സമ്പത്തു സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളിൽ ചേരായ്ക ഉണ്ട്. മാത്യു കുഴൽനാടൻ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 32 ഇരട്ടിയാണ് അദ്ദേഹത്തിന്റെ സമ്പത്തെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
‘‘35 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കൂടെയുള്ള വരുമാനം 95 ലക്ഷം രൂപയാണ്. അദ്ദേഹം വെളിപ്പെടുത്തിയ വരുമാനത്തിന്റെ 32 ഇരട്ടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. അത് എങ്ങനെയെന്ന് അദ്ദേഹം വിശദമാക്കണം. ഒൻപതുകോടി രൂപ ദുബായിലുള്ള കമ്പനിക്കു നിക്ഷേപിക്കാൻ നൽകാൻ എങ്ങനെയാണു കഴിഞ്ഞത്. ബെംഗളൂരിലും ഗുവാഹത്തിയിലും ഡൽഹിയിലും കേരളത്തിലും ചിലവഴിച്ച പണത്തിന്റെ ഉറവിടം എന്താണ്’’– ജില്ലാ സെക്രട്ടറി ചോദിച്ചു.
ചിന്നക്കനാലിൽ 2021 മാർച്ചുമാസം റജിസ്റ്റർ ചെയ്ത ഭൂമിക്ക് അദ്ദേഹം കൊടുത്ത വില 1.92 കോടി രൂപയാണ്. ഇരുട്ടി വെളുത്തപ്പോഴേക്കും 1.92 കോടിയെന്നത് സത്യവാങ്മൂലത്തിൽ മൂന്നരക്കോടിയായി. 1.92 കോടി എറണാകുളത്തുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നാണു പണം കൊടുത്തതെന്നും സി.എൻ.മോഹനൻ പറഞ്ഞു.
English Summary: C N Mohanan speak against Mathew Kuzhalnadan