ADVERTISEMENT

തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തൽ. പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില്‍ 63.56 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഇതിന്റെ നോമിനി ‘മകൻ ശ്രീജിത്ത്’ ആണ്. എന്നാൽ, ചന്ദ്രമതിക്ക് ഇങ്ങനെയൊരു മകനില്ല. ഒന്നാം പ്രതി സതീഷിന്റെ സഹോദരന്റെ പേരാണ് ശ്രീജിത്ത്. 1600 രൂപ ക്ഷേമ പെൻഷൻ മാത്രമാണു ചന്ദ്രമതിയുടെ വരുമാനം.

അരവിന്ദാക്ഷന്റെ ഭാര്യ ഷീല 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാട് അജിത്ത് മേനോൻ എന്ന എൻആർഐയുമായി നടത്തി. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ പറ്റിയിട്ടില്ല. ജിൽസ് ഭാര്യ ശ്രീലതയുടെ പേരിൽ ആറ് വസ്തുവകകളുടെ ഡീൽ നടത്തിയിട്ടുണ്ട്. എന്നാൽ ഏതെല്ലാം അക്കൗണ്ടു വഴിയാണു സാമ്പത്തിക ഇടപാടെന്ന് വ്യക്തമാക്കിയിട്ടല്ലെന്നും ഇഡി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കര്‍ കോടതിയിൽ ബോധിപ്പിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാല്‍ റിമാന്‍ഡ് തുടരണമെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ഇതോടെ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ ജയിലിലേക്കു മാറ്റി.

കേസിലെ ഉന്നതബന്ധങ്ങള്‍ വ്യക്തമായെന്നും പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അധികാരശ്രേണിയിൽപ്പെടുന്ന വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നതായും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബുധനാഴ്ചയാണ് പി.ആർ.അരവിന്ദാക്ഷനെ കള്ളപ്പണ നിരോധനനിയമപ്രകാരം ഇ‍ഡ‍ി അറസ്റ്റ് ചെയ്തത്. 

ബെനാമികളുടെ പേരിൽ 150 കോടി രൂപ വായ്പയെടുത്തുള്ള തട്ടിപ്പിനു കൂട്ടുനിന്നെന്നാണ് അരവിന്ദാക്ഷനും ജിൽസിനുമെതിരായ ആരോപണം. ഇടപാടുകാർ വായ്പയെടുക്കുമ്പോൾ നൽകിയ രേഖകൾ പോലും ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ഈ മാസം 12നാണ് അരവിന്ദാക്ഷനെ കൊച്ചി ഇഡി ഓഫിസിലേക്കു ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷൻ ആരോപിച്ചു. എന്നാൽ ചോദ്യചെയ്യൽ കഴിഞ്ഞു ദിവസങ്ങൾക്കു ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഇഡി നിലപാട്.

English Summary: Karuvannur Bank Fraud case ED found out that account created for P R Aravindakshan' s mother name too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT