‘ഇത്തരം വ്യാജ പ്രചാരങ്ങൾ ഉത്തരേന്ത്യൻ സ്റ്റൈലാണ്; തെറ്റുചെയ്തവരെ സംരക്ഷിക്കില്ല’

Mail This Article
തിരുവനന്തപുരം∙ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജിന്റെ പഴ്സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ല. തെറ്റിന്റെ വഴിയെ സഞ്ചരിക്കുന്ന ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
‘‘ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫിസിൽത്തന്നെ പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. എന്നാൽ മന്ത്രിയുടെ ഒാഫിസിൽനടന്ന അഴിമതി എന്ന രീതിയിൽ വ്യാപക പ്രചാരണം നടത്തുകയാണ്. ഒരു പട്ടാളക്കാരനെ ചാപ്പ കുത്തിയെന്ന് എങ്ങനെയാണോ പ്രചാരണമുണ്ടാക്കിയത്, അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. അവിടെയാണ് ഇത്തരം വ്യാജപ്രചാരങ്ങൾ കൂടുതലായി നടക്കുന്നത്’’ –എം.വി. ഗോവിന്ദൻ പറഞ്ഞു.
ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്തു മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, പത്തനംതിട്ട സിഐടിയു ഓഫിസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. റിട്ട. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണു മന്ത്രിക്കു പരാതി നൽകിയത്.
English Summary: MV Govindan Response to Media on Bribe Allegation Against Health Minister's Staff