സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച 69കാരി ചികിത്സയിലിരിക്കെ മരിച്ചു
Mail This Article
തൃശൂർ∙ സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നു പേരിൽ ഒരാൾ മരിച്ചു. തങ്കമണി (69) ആണ് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. ഞായറാഴ്ചയാണ് തങ്കമണി, മകൾ ഭാഗ്യലക്ഷ്മി (46), ചെറുമകൻ അതുൽ കൃഷ്ണ (10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാതിക്കുടം മച്ചിങ്ങൽ ശ്രീവത്സനാണ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവ്
വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക അമിതമായി ചേർത്തു കഴിക്കുകയായിരുന്നുവെന്നു പറയുന്നു. ഭക്ഷണം കഴിച്ചതോടെ 3 പേർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ശ്രീവത്സൻ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.
കാടുകുറ്റി സഹകരണ ബാങ്കിൽ നിന്ന് 2019ലാണ് കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്. ജന്മനാ അസുഖങ്ങളുള്ള അതുൽകൃഷ്ണയുടെ ചികിത്സയ്ക്കു വൻതുക വേണമായിരുന്നു. തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ വൈകിയതോടെ ബാങ്ക് ഡിമാൻഡ് നോട്ടിസ് അയച്ചിരുന്നു.
English Summary: Old Lady Who Were Under Treatment after Suicide Attempt Dies at Thrissur
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)