ഹയർസെക്കൻഡറി മൂല്യനിർണയ വേതനത്തിനുള്ള തുക വകമാറ്റി; അധ്യാപകർ സമരത്തിലേക്ക്

Mail This Article
കോട്ടയം ∙ പരീക്ഷാ മൂല്യനിർണയത്തിനു വിദ്യാർഥികൾ ഒരു വിഷയത്തിനു 500 രൂപ വീതം ഫീസ് നൽകണം. മാർക്ക് ലിസ്റ്റിനു 150 രൂപ വേറെയും. വിദ്യാർഥിയുടെ ഒരു പേപ്പർ മൂല്യനിർണയം നടത്തുന്നതിനു അധ്യാപകർക്കു നൽകുന്ന പ്രതിഫലം വെറും 8 രൂപയാണ്!. ഒരു ദിവസം ഒരു അധ്യാപകനു 30 പരീക്ഷാ പേപ്പറുകളാണു മൂല്യനിർണയം നടത്താൻ നൽകുന്നത്. അധ്യാപകരുടെ ശമ്പള സ്കെയിൽ അനുസരിച്ച് 300/ 400 രൂപ യാത്രാബത്തയും ലഭിക്കും. പരീക്ഷാ മൂല്യനിർണയ ഡ്യൂട്ടിക്ക് അധ്യാപകർക്ക് ഒരു ദിവസം ലഭിക്കുക പരമാവധി 640 രൂപയാണ്. 30 പേപ്പറുകളുടെ മൂല്യനിർണയത്തിന്റെ ഫീസ് ഇനത്തിൽ മാത്രം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനു ലഭിക്കുന്നത് 15000 രൂപയും.!. എന്നിട്ടും മൂല്യനിർണയ ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ തുച്ഛമായ വേതനം കുടിശികയാണ്.
ഹയർസെക്കൻഡറി മൂല്യനിർണയ വേതനത്തിനുള്ള തുക വകമാറ്റിയതായാണ് അധ്യാപകരുടെ ആരോപണം. ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്എച്ച്എസ്ടിഎ ) സെപ്റ്റംബർ 29 നു ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. പരീക്ഷാ- മൂല്യ നിർണയ ജോലികളുമായി ബന്ധപ്പെട്ടു ഹയർ സെക്കൻഡറി മേഖലയോടു തുടരുന്ന നിരന്തര അവഗണനക്കെയ്തിരെ ഒക്ടോബർ അഞ്ചിനു തിരുവനന്തപുരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനു മുന്നിൽ ഏകദിന പ്രക്ഷോഭ സമരവും നടക്കുമെന്നു സംസ്ഥാന – ജില്ലാ ഭാരവാഹികൾ അറിയിച്ചു.
ഹയർസെക്കൻഡറി മൂല്യനിർണയ വേതനം തടഞ്ഞുവച്ചിട്ടു 6 മാസം കഴിഞ്ഞു. പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷകളുടെ ഫലം മാസങ്ങൾക്കു മുൻപേ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിലാണു ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം നടന്നത്. ഇതിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നത്. ഒന്നാം വർഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മുഴുവൻ ഫീസും സ്വീകരിച്ച് ഒക്ടോബർ 9നു പരീക്ഷ ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങൾ മുൻപേ നടന്ന മൂല്യനിർണയ ജോലിയുടെ പ്രതിഫലവും നൽകിയിട്ടില്ല.
സംസ്ഥാനത്തുടനീളം 80 ക്യാംപുകളിലായി നടന്ന കേന്ദ്രീകൃത മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകുന്നതിന് ഏകദേശം 30.4 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചത്. തുക ആദ്യം അനുവദിച്ചു. പിന്നീട് സാങ്കേതിക പിഴവാണെന്നു സൂചിപ്പിച്ച് പണം തിരികെയെടുത്തു. അധ്യാപകരുടെ പ്രതിഷേധം ശക്തമായപ്പോൾ ആകെ വേണ്ട തുകയുടെ നാലിലൊന്നു തുക മാത്രം അനുവദിച്ചു. 8.9 കോടി രൂപ മാത്രമാണു എല്ലാ ക്യാംപുകളിലേക്കുമായി അനുവദിച്ചത്. അതിനാൽ 25 % അധ്യാപകർക്കു കൊടുക്കാനുള്ള തുക മാത്രമാണ് പ്രതിഫലം ലഭ്യമായത്. അതും അധ്യാപകർക്കു നൽകാനുള്ള നടപടിയായിട്ടില്ല.
പരീക്ഷകൾക്കുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധകാലാടിസ്ഥാനത്തിലാണു ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്നും ഉയർന്ന തോതിലുള്ള പരീക്ഷാഫീസ് പിരിച്ചെടുക്കുന്നത്. ഒന്നും രണ്ടും വർഷ പരീക്ഷകൾക്കു യഥാക്രമം 240, 270 രൂപ വീതവും സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും ആണ് ഈടാക്കുന്നത്. ഇതിനു പുറമേയാണു പുനർമൂല്യനിർണയത്തിനു പേപ്പറൊന്നിന് 500 രൂപ ഫീസ് വാങ്ങുന്നത്. എന്നിട്ടും ഹയർസെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തിൽ മാത്രം മാസങ്ങളായി തുടരുന്ന അന്യായമായ കാലതാമസം അധ്യാപകരോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. പ്രത്യേക പരീക്ഷാഫീസ് ഇല്ലാത്ത എസ്എസ്എൽസി പരീക്ഷാ ജോലിക്കും മൂല്യനിർണയത്തിനും സമയബന്ധിതമായി പ്രതിഫലം നൽകാറുണ്ട്. പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ടു പിരിച്ചെടുക്കുന്ന ഫീസ് വകമാറ്റുന്നതിനാലാണു പ്രതിഫലം നൽകാനാവാത്ത സാഹചര്യം ഉണ്ടായതെന്നും അധ്യാപകർ പറയുന്നു. ഒക്ടോബർ ഒൻപതിനു ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ആരംഭിക്കാനിരിക്കുകയാണ്.
പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷാ മൂല്യനിർണയത്തിലും പരീക്ഷാ മേൽനോട്ടത്തിലും 25000 അധ്യാപകരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. മേയ് 15നു സംഘടനാ ഭാരവാഹികളുമായി ഡയറക്ടറേറ്റും മന്ത്രിയും ചർച്ച നടത്തി. ഉടൻ വേതനം നൽകുമെന്നു ഉറപ്പു നൽകി. പക്ഷേ, ഇതുവരെ ഒന്നും സംഭവിച്ചില്ല. മുൻ വർഷങ്ങളിൽ പരീക്ഷാ നടത്തിപ്പിനും മൂല്യനിർണയത്തിനും സ്കൂളുകൾക്കു മുൻകൂട്ടി തുക അനുവദിച്ചിരുന്നു. ഇത്തവണ നൽകിയില്ല. പുനർമൂല്യനിർണയത്തിനുള്ള ക്യാംപുകളുടെ ചെലവും സ്കൂൾ അധികൃതർ കണ്ടെത്തിയിരുന്നു. ഇതും ഇത്തവണ കുടിശികയാണ്.
English Summary: Teachers did not get amount for higher secondary exam valuation