ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി; രാഷ്ട്രീയ പ്രവർത്തനം തുടരും
Mail This Article
തിരുവനന്തപുരം∙ കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമത്തിലെ കുറപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചത്.
നിയമനം നടത്തും മുൻപ് അറിയിക്കാത്തതിൽ അതൃപ്തിയുള്ളതിനാൽ ഉടൻ ചുമതലയേൽക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ചുമതലയേൽക്കുമെന്ന് താരം തന്നെ അറിയിച്ചത്. ഇതു ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണ് ചുമതലയേറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ അദ്ദേഹം വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ നിയമനം.
സുരേഷ് ഗോപിയുടെ കുറിപ്പ്:
കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് നന്ദി.
100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പും ഉള്ളതുകൊണ്ടാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും. എനിക്കുവേണ്ടി പ്രാർത്ഥിക്കൂ, അതുവഴി ലോകപ്രശസ്തനായ ഇന്ത്യൻ സിനിമകളിലെ ഷേക്സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും.
P.s: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാർച്ചിനൊപ്പം ഞാനും പോകും.
English Summary: Suresh Gopi Will Take Charge as Satyajit Ray Film & Television Institute Chairman