ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കേണ്ടതില്ല: ശുപാർശയുമായി നിയമകമ്മിഷൻ
Mail This Article
ന്യൂഡൽഹി∙ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മിഷൻ ശുപാർശ ചെയ്തു. പതിനെട്ടുവയസ്സിനു താഴെയുള്ളവർക്കു കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തണമെന്നാണ് ആവശ്യം. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടിക്കടത്തിനും എതിരായ നീക്കങ്ങള്‍ക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ഹീനകരമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈൽ ആക്ടിലും മുതിർന്നവരായി കണക്കാക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. കേസുകളുടെ സ്വഭാവമനുസരിച്ച് 16 മുതൽ 18 വയസ്സുവരെ പ്രായമുള്ളവരുടെ കാര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാം. പോക്സോ നിയമപ്രകാരം ഉഭയസമ്മതത്തിനുള്ള പ്രായപരിധി സംബന്ധിച്ച് വർധിച്ചു വരുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയും നേരത്തെ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ചില കേസുകളിൽ പലപ്പോഴും ആൺകുട്ടികൾ ബലിയാടുകളാകാറുണ്ട്. ഈ സാഹചര്യത്തിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 18ൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ആവശ്യം. 2013ൽ ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്തിയതോടെയാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 16ൽ നിന്ന് 18 ആക്കി ഉയർത്തിയത്.
English Summary: Age Limit For Consensual Sex Not To Be 16: Law Commission with recommendation