ADVERTISEMENT

ബെംഗളൂരു∙ തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദ് ജനജീവിതത്തെ ബാധിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. കന്നഡ അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. ബെംഗളൂരുവിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും ഇത് യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. എന്നാൽ ബന്ദിന്റെ പശ്ചാത്തലത്തിൽ നിരവധി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്ന് മറ്റു വൃത്തങ്ങൾ സൂചിപ്പിച്ചു. 

ചിക്മാംഗളൂരുവിൽ പ്രതിഷേധക്കാർ ബൈക്കുകളിൽ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയിൽ റോഡിൽ കിടന്നും പ്രതിഷേധിച്ചു. തെക്കൻ കർണാടകയിൽ കടകളും വ്യാപരസ്ഥാപനങ്ങളും റസ്റ്ററന്റുകളുമെല്ലാം പൂർണമായി അടച്ചിട്ടു. 

ബന്ദിന് പിന്തുണയുമായി സാൻഡൽവുഡ് താരങ്ങളായ ദർശൻ, ശിവ്‍രാജ് കുമാർ, ധ്രുവ സർജ, പൂജ ഗാന്ധി, ദുനിയ വിജയ്,  രംഗത്തെത്തി. ഇന്നു പുലർച്ചെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ ഇന്നലെ അർധരാത്രി മുതൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപിക്കും ജനതാദളിനുമൊപ്പം റസ്റ്ററന്റ് ഉടമകൾ, ഓല, ഊബർ ഡ്രൈവർമാരുടെ സംഘടനകൾ, സിനിമാ പ്രവർത്തകർ, ഓട്ടോറിക്ഷാ ഉടമകൾ, സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഉൾപ്പെടെ ആയിരത്തിലധികം സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: 44 Flights Hit, Schools Shut In Karnataka Over Cauvery Row Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT