'30 കോടി കരുവന്നൂരിൽ എത്തിച്ചിട്ടുണ്ട്, 40 കോടി കൂടെയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകും'
Mail This Article
തൃശൂർ∙കരുവന്നൂർ ബാങ്ക് പ്രതിസന്ധി ഉടൻ തീർക്കുമെന്ന് സിപിഎം നേതാവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണൻ. ഇതുമായി ബന്ധപ്പെട്ട് നാളെ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ബാങ്കിലെ പ്രതിസന്ധി തീർക്കാൻ നിലവിൽ 30 കോടി കരുവന്നൂരിലെത്തിച്ചിട്ടുണ്ട്. 40 കോടി കൂടെയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകും. ഇതിനായി വിശദമായി ചർച്ച ചെയ്യും. ഇതുവരെയായി കുറെ പേരുടെ പണം നൽകാനായി. 84 കോടി ആളുകൾക്ക് നൽകിയിട്ടുണ്ട്’’– എം.കെ.കണ്ണൻ പറഞ്ഞു.
ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.കെ.കണ്ണൻ.
കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ ചോദ്യങ്ങളോട് നിസ്സഹകരിച്ചതായി ഇഡി പറഞ്ഞിരുന്നു. ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നെന്ന മറുപടിയെ തുടർന്നാണ് ചോദ്യംചെയ്യൽ അവസാനിപ്പിച്ചത്. ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ തന്നെ ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നതായാണ് കണ്ണൻ മറുപടി നൽകിയത്. ഇന്ന് ചോദിച്ച സുപ്രധാന ചോദ്യങ്ങൾക്കൊന്നും തന്നെ കണ്ണൻ മറുപടി നൽകിയില്ല. ചോദ്യം ചെയ്യലിനെതിരെയുള്ള നീക്കമാണോയെന്നതും ഇഡി സംശയിക്കുന്നുണ്ട്. കണ്ണനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതിനാല്‍ കൂടിയാലോചനയ്‌ക്ക് ശേഷമാകും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.
English Summary: Karuvannur Bank Scam: CPM Leader MK Kannan about the bank crisis