ഔദ്യോഗിക വസതി നിർമാണം അന്വേഷണം സ്വാഗതം ചെയ്ത് കേജ‍്‍രിവാൾ

Mail This Article
ന്യൂഡൽഹി∙ ഒൗദ്യോഗിക വസതിയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ സിബിഐ അന്വേഷിക്കുന്നത് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ. വസതിയുടെ നിർമാണത്തിൽ ഒരുതരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും അന്വേഷണത്തിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐയുടെ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെപ്രാളത്തെയാണ് സൂചിപ്പിക്കുന്നത്. അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മോദി രാജിവയ്ക്കുമോയെന്നും കേജ‍്‍രിവാൾ ചോദിച്ചു. കഴിഞ്ഞ എട്ടു വർഷത്തിനിടെ ലോകത്തു തന്നെ ഏറ്റവും കൂടുതൽ അന്വേഷണം നേരിട്ട മുഖ്യമന്ത്രിയാണ് താനെന്നും എഎപി ദേശീയ കൺവീനർ കൂടിയായ കേജ‍്‍രിവാൾ ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ എന്തൊക്കെ?
അനുവദിച്ചതിലും കൂടുതൽ തുക ഔദ്യോഗിക വസതിയുടെ നിർമാണത്തിന് ഉപയോഗിച്ചെന്നും പൊതുഖജനാവിൽ നിന്നുള്ള പണം ധൂർത്തടിച്ചെന്നുമാണ് പ്രതിപക്ഷ കക്ഷികളായ ബിജെപിയും കോൺഗ്രസും ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് സിബിഐ കഴിഞ്ഞ ദിവസം പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നു പരിശോധിക്കാനുള്ള അന്വേഷണത്തിനാണ് സിബിഐ തുടക്കമിട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നിർമിക്കുന്നതിന് അനുവദിച്ചത് 43.70 കോടി രൂപയായിരുന്നു. എന്നാൽ 44.78 കോടി രൂപ ചെലവഴിച്ചെന്നാണ് ആരോപണം. കർട്ടനുകൾക്കു പോലും ലക്ഷങ്ങൾ മുടക്കിയെന്നും ഫർണിച്ചറിനും നിലത്തുവിരിച്ച മാർബിളിനും ഉൾപ്പെടെ കോടികൾ ധൂർത്തടിച്ചെന്നുമാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
സത്യം സിബിഐ പുറത്തു കൊണ്ടുവരും: മനോജ് തിവാരി
മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിലെ സത്യാവസ്ഥ സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് ബിജെപി നേതാവ് മനോജ് തിവാരി എംപി പറഞ്ഞു. നിർമാണത്തിനു നൽകിയ കരാറുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.
തകർക്കാനാണ് നീക്കം; തലകുനിക്കില്ല
‘നാലാം ക്ലാസ് പാസായ രാജാവിൽനിന്ന് ഇതല്ലാതെ എന്താണു പ്രതീക്ഷിക്കാൻ കഴിയുക? നിങ്ങളുടെ അന്വേഷണങ്ങൾ തുടരുക. എന്നെ തകർക്കാനാണു നീക്കം. എന്നാൽ വ്യാജ അന്വേഷണങ്ങൾക്കു മുന്നിൽ ഞാൻ തലകുനിക്കില്ല’– മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ.
English Summary: Kejriwal welcomes inquiry into construction of official residence