സമൂഹമാധ്യമങ്ങളില്‍ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് എഐ ഉപയോഗിച്ച് മോർഫിംഗ്;14-കാരൻ പിടിയിൽ
Mail This Article
കൽപ്പറ്റ∙സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് മോർഫ് ചെയ്തു പ്രചരിപ്പിച്ചതിന് വിദ്യാർഥി പിടിയിലായി. മോർഫ് ചെയ്ത ചിത്രങ്ങൾ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകി ഭീഷണിപ്പെടുത്തിയിരുന്നു. ഇവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥി പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തിരുന്നത്. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. ചിത്രങ്ങൾ മോർഫ് ചെയ്ത ശേഷം ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രചരിപ്പിച്ചിരുന്നത്.
പിടിക്കപ്പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റുബോട്ടുകളും ദുരുപയോഗം ചെയ്താണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നിരവധി ഐപി വിലാസങ്ങൾ പരിശോധിച്ചും, ഗൂഗിൾ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം കമ്പനികളിൽ നിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങളുപയോഗിച്ചുമാണ് വിദ്യാർഥിയെ വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും കണ്ടെത്തിയത്. എഎസ്ഐ ജോയ്‌സ് ജോൺ, എസ്‌സിപിഒ കെ.എ.സലാം, സിപിഒമാരായ രഞ്ജിത്ത്, സി.വിനീഷ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
English Summary: 14 Year Old Arrested for Circulating Morphed Pictures of Students